തൃശൂര്‍: പതിറ്റാണ്ടായി സ്‌കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്. എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ പഴയ ആവേശപ്പോര് പലരും ആഗ്രഹിക്കുന്നുണ്ട്. വര്‍ഷങ്ങളായി കോട്ടയത്തിന്റെ മാത്രം കുത്തകയായിരുന്ന സംസ്ഥാന സ്‌കൂള്‍ മീറ്റ് കിരീടം 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ടീം ഷെല്‍ഫിലാക്കിയത്. പിന്നീട് തുടര്‍ച്ചയായ എട്ടു വര്‍ഷം കോതമംഗലം സ്‌കൂളുകളുടെ കരുത്തില്‍ എറണാകുളം തന്നെ കിരീടത്തില്‍ മുത്തമിട്ടു. പക്ഷേ 2012ല്‍ ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റി. പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളുടെ മികവില്‍ പാലക്കാട് കിരീട പോരില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.
അന്നേ വരെ എതിരാളികളില്ലാതെ മുന്നേറിയിരുന്ന എറണാകുളം ആ വീഴ്ചയിലൊന്ന് പതറി. പിറ്റേ വര്‍ഷം കിരീട വഴിയിലേക്ക് തിരിച്ചു വരാന്‍ എറണാകുളത്തിനായി. സ്വന്തം തട്ടകത്തില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കിരീടം വീണ്ടെടുത്ത ടീം 2014ല്‍ തിരുവനന്തപുരം മീറ്റില്‍ മത്സരമില്ലാതെ തന്നെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കൊച്ചിയും തിരുവനന്തപുരവും വിട്ട് മീറ്റിന് കോഴിക്കോട് പുതിയ വേദിയൊരുങ്ങിയപ്പോളും ഹാട്രിക് നേട്ടത്തോടെ കിരീടം എറണാകുളത്തിന്റെ കയ്യില്‍ ഭദ്രമായി. 2016ല്‍ എട്ടുപോയിന്റുകളുടെ വ്യത്യാസത്തില്‍ പാലക്കാട് കിരീടം തിരിച്ചുപിടിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ വന്‍ ലീഡിനായിരുന്നു എറണാകുളത്തിന്റെ പട്ടാഭിഷേകം. 2019ല്‍ കണ്ണൂര്‍ മീറ്റില്‍ പാലക്കാട് വീണ്ടും ഡ്രൈവിങ് സീറ്റിലെത്തി. കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന മീറ്റിലും പാലക്കാട് വന്‍ പോയിന്റ് വ്യത്യാസത്തില്‍ നേട്ടം ആവര്‍ത്തിച്ചു.