X
    Categories: MoreViews

ഹൃദയത്തിലിപ്പോള്‍ ആ ഓര്‍മകളുടെ തിരയിളക്കം

സബീന കണ്ണൂര്‍ ആര്‍.ടി.ഓഫീസില്‍ ജോലിക്കിടയില്‍ (ചിത്രം: കെ ശശി)

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: സബീനയുടെ ഹൃദയത്തിലിപ്പോള്‍ ഓര്‍മകളുടെ തിരയിളക്കമാണ്. സ്വന്തം നാട്ടിലേക്ക് വീണ്ടും കൗമാര കലാ മാമാങ്കം കടന്നുവരുമ്പോള്‍ കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സബീനയ്ക്കു പറയാനുള്ളത് 30 വര്‍ഷം പഴക്കമുള്ള കഥ. കലയില്‍ ഏറെയൊന്നും അഹങ്കരിക്കാനില്ലാത്ത കാലത്ത് കണ്ണൂരിലേക്ക് കലാ തിലകം പട്ടം കൊണ്ടുവന്നത് 1987ല്‍ സബീനയാണ്.
അന്ന് കോഴിക്കോടായിരുന്നു കലോത്സവം. ഇഞ്ചേടിഞ്ചുള്ള പോരാട്ടത്തില്‍ സ്വന്തം നാട് പിന്‍തള്ളപ്പെട്ടെങ്കിലും കലാതിലക പട്ടം സബീനയ്ക്കായിരുന്നു. അതും നൃത്ത നൃത്യങ്ങളിലൊന്നും പങ്കെടുക്കാതെ തന്നെ.
കീച്ചേരി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സബീന.മോണോ ആക്റ്റ് ,ഓയില്‍ പെയിന്റിങ്ങ്, തബല, പദ്യപാരായണം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് തിലക പട്ടം നേടിയത്. ”എല്ലാം കഴിഞ്ഞുനാട്ടിലെത്തിയപ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ ഗംഭീര സ്വീകരണമായിരുന്നു. പ്രമുഖരെല്ലാം പങ്കെടുത്ത വലിയ സ്വീകരണം. പിന്നീട് ഒരുമാസത്തോളം സ്വീകരണങ്ങളുടെ തിരക്കായിരുന്നു. അതെല്ലാം ഓര്‍ക്കുമ്പോഴിപ്പോള്‍ ഉള്ളിലൊരു തിരയൊഴുകുന്നു”
1988ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലും സബീനയ്ക്കായിരുന്നു തിലകപട്ടം. അതോടെ സ്‌കൂളില്‍ താരമായി . പത്താംതരം കഴിഞ്ഞു തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലെത്തിയപ്പോഴും വേദികളിലെ നിറസാന്നിധ്യമായിരുന്നു. ബി സോണ്‍ മേളയില്‍ തിളങ്ങി നിന്ന ഈ പ്രതിഭ കണ്ണൂര്‍ ചിന്‍മയ മിഷനില്‍ ബിരുദത്തിനു ചേര്‍ന്നപ്പോഴും മികവ് തെളിയിച്ചു.
വേളാപുരത്തെ നലവടത്ത് നാരായണന്‍-നളിനി ദമ്പതികളുടെ മകളാണ് സബീന. അച്ഛന്‍ തന്നെയായിരുന്നു ഗുരു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ ചിത്രകലാ അധ്യാപകനായ പിതാവിന്റെ ഒഴിവുനേരങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. പിന്നീട് ജോലികിട്ടി വിവാഹം കഴിഞ്ഞപ്പോഴും കലയെയും സാഹിത്യത്തെയും അകറ്റി നിര്‍ത്തിയില്ല. അധ്യാപകനും കലാകാരനുമായ ഭര്‍ത്താവ് കണ്ണപുരത്തെ ഉല്ലാസ് ബാബു എല്ലാ പിന്തുണയും നല്‍കിയതോടെ വരയില്‍ സജീവമായി. പിന്നീട് ദമ്പതികളുടെ ചിത്രപ്രദര്‍ശനം സംസ്ഥാനമൊട്ടുക്കും നടത്തി.

chandrika: