X

നടക്കാന്‍ പാലക്കാട്

തേഞ്ഞിപ്പലം: പാലക്കാടിനെ നടന്നു തോല്‍പിക്കാന്‍ ഇത്തവണയും ആരുമുണ്ടായില്ല, സ്‌കൂള്‍ കായികോത്സവത്തിലെ ദീര്‍ഘ ദൂര നടത്തത്തില്‍ പാലക്കാട് സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. സീനിയര്‍ ആണ്‍-പെണ്‍ അഞ്ചു കി.മീ നടത്തത്തിലും ജൂനിയര്‍ വിഭാഗം മൂന്ന് കി.മീ നടത്തത്തിലും പാലക്കാടിന്റെ താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. മൂന്നിനങ്ങളിലായി ആറു മെഡലുകള്‍ പാലക്കാട് സ്വന്തമാക്കി. ജൂനിയര്‍ ഗേള്‍സ് 3000 മീറ്ററില്‍ കല്ലടി സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രന്‍ സ്വന്തം പേരിലുള്ള സംസ്ഥാന മീറ്റ് റെക്കോഡ് തിരുത്തിയതോടൊപ്പം ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനവും നടത്തി.

2008ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ തന്നെ കെ.എം മനീഷ കുറിച്ചിട്ട 14 മിനുട്ട് 24.40 സെക്കന്റ് റെക്കോഡാണ് 14 മിനുട്ട് 18.51 സെക്കന്റുകളാക്കി സാന്ദ്ര തിരുത്തിയത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 14:08.38 സെക്കന്റാണ് നിലവിലെ മീറ്റ് റെക്കോര്‍ഡ്. പാലക്കാട് മേലാര്‍ക്കോട് സ്വദേശിയായ സാന്ദ്ര കളത്തില്‍ സുരേന്ദ്രന്റെയും സരസ്വതിയുടേയും മകളാണ്. കഴിഞ്ഞ വര്‍ഷം ദേശീയ സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണം നേടിയിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കല്ലടി സ്‌കൂളിലെ തന്നെ അക്ഷയക്കാണ് വെള്ളി.

സീനിയര്‍ അഞ്ചു കി.മീ നടത്തത്തില്‍ പറളിയുടെ എ. അനീഷാണ് മീറ്റ് റെകോഡിച്ചത്. വെള്ളി നേടിയ പറളിയിലെ സി.ടി നിതീഷ് നിലവിലെ മീറ്റ് റെക്കോഡ് മറികടന്ന പ്രകടനം നടത്തി. 21 മിനുറ്റ് 50.30 സെക്കന്റ് സമയത്തിലാണ് അനീഷ് അഞ്ച് കിലോ മീറ്റര്‍ താണ്ടിയത്. ഒമ്പത് കൊല്ലം മുമ്പ് പറളിയിലെ തന്നെ എം. ശിഹാബുദ്ദീന്‍ നേടിയ 21 മിനുട്ട് 57 സെക്കന്റ് റെക്കോഡാണ് ചരിത്രമായത്. 21 മിനുറ്റ് 23.59 സെക്കന്റിലായിരുന്നു നിതീഷിന്റെ ഫിനിഷിങ്. സീനിയര്‍ ഗേള്‍സില്‍ മുണ്ടൂര്‍ എച്ച്.എസിലെ സി.കെ ശ്രീജ സ്വര്‍ണം നേടി. 24 മിനുട്ട് 56.92 സെക്കന്റിലായിരുന്നു നടത്തം പൂര്‍ത്തിയാക്കിയത്. മുണ്ടൂര്‍ സ്‌കൂളിലെ എസ്. വൈദേഹിക്കാണ് വെള്ളി.

chandrika: