സ്വര്‍ണ്ണത്തിളക്കത്തില്‍ വിജയങ്ങളെ അടയാളപ്പെടുത്താന്‍ സ്വര്‍ണ്ണകപ്പുകളുമായി കലോത്സവ ട്രോഫി കമ്മിറ്റി. 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ത്ഥികളായി എത്തുന്ന എല്ലാവര്‍ക്കും (എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയവര്‍) മൊമന്റോകള്‍ നല്‍കും. ഓവറോള്‍ ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും മറ്റ് സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും ട്രോഫികള്‍ നല്‍കും.
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ചെയര്‍മാനും പി.പി ഫിറോസ് മാസ്റ്റര്‍ കണ്‍വീനറുമായ ട്രോഫി കമ്മിറ്റി ഇത്തവണ കപ്പില്‍ പുതുചരിത്രം സൃഷ്ടിക്കും. ഇതിനായി 13000 മൊമന്റോകളും 57 വലിയ ട്രോഫികളും തയ്യാറായി. മാനാഞ്ചിറ സ്‌ക്വയറിന്റെ ഉള്ളില്‍ മുന്‍വശത്ത് 3 മീറ്റര്‍ ഉയരത്തില്‍ സ്വര്‍ണ്ണകപ്പ് മാതൃകയും കമ്മിറ്റിയുടെ കീഴില്‍ നിര്‍മ്മിക്കുന്നുണ്ട്.
ഇത്തവണത്തെ ട്രോഫി കമ്മിറ്റിയുടെ ചുമതല കേരള അറബിക് മുന്‍ഷീസ് അസോസിയേഷനാണ്. ഇ.സി നൗഷാദ്, അബ്ദുള്‍ ഷുക്കൂര്‍, ടി.കെ. അബൂബക്കര്‍, എം.മുഹമ്മദ് സുഹൈല്‍, കെ.പി സൈനുദ്ദീന്‍, കെ.അബ്ദുള്‍ റഫീഖ്, ഷജീര്‍ഖാന്‍ വയ്യാനം, ഇ.അബ്ദുള്‍ അലി, പി.അബ്ദുള്‍ ജലീല്‍, പി.പി.അബ്ദുള്‍ ഖയ്യും, ഒ.റഫീഖ്, ശരീഫ് കിനാലൂര്‍, എം.തമീമുദ്ദീന്‍, എ.എ ജാഫര്‍ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.