കോഴിക്കോട്: മുസ്‌ലിം സമുദായത്തിനകത്ത് ഐക്യശ്രമങ്ങളെ പരിപോഷിപ്പിക്കാന്‍ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ആശയാഭിപ്രായ ഭിന്നതകള്‍ നിലനിക്കുമ്പോള്‍ തന്നെ പൊതു വിഷയങ്ങളില്‍ ഒന്നിച്ചിരിക്കുന്ന പൂര്‍വ്വസൂരികളുടെ പൈതൃകത്തില്‍ നിന്നും വ്യതിചലിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ല. ആശയപരമായ ഭിന്നിപ്പുകള്‍ക്കിടയിലും പൊതുരാഷ്ട്രീയ വിഷയങ്ങളിലും വിശ്വാസ സംരക്ഷണ പോരാട്ടങ്ങളിലും ഒരുമിച്ച് നില്‍ക്കുന്നതിന് സമുദായ സംഘടനകള്‍ മുന്‍കാല മാതൃക പിന്‍പറ്റണമെന്നും പ്രമേയത്തില്‍ പറഞ്ഞു. കൗണ്‍സില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പഠനത്തിനായി സീതി സാഹിബ് അക്കാഡമിയ എന്ന പേരില്‍ വേദിയൊരുക്കും. അക്കാഡമിയയുടെ ലോഞ്ചിംഗ് പ്രോഗ്രാം സീതി സാഹിബ് ചരമദിനമായ ഏപ്രില്‍ 17ന് തൃശ്ശൂരില്‍ വെച്ച് നടത്തും. മുഴുവന്‍ ജില്ലകളിലും സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലുള്ള മുഖാമുഖം പരിപാടി ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ്‌നജീബ് കാന്തപുരം, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുല്‍ഫീക്കര്‍ സലാം, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രസീഡിയം നിയന്ത്രിച്ചു.