തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ കലാപം. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെയാണ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്‍ശനം ഉയര്‍ത്താനാണ് നീക്കം.
വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപിയിലെ വിമര്‍ശനം. കോര്‍ കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പോലും ചേര്‍ന്നില്ലെന്ന് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ വിമര്‍ശിക്കുന്നു.
എല്ലാം സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോള്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കല്ല. മുരളീധരപക്ഷത്തോട് നല്ല ബന്ധത്തിലുള്ള ബി.എല്‍ സന്തോഷുമായി ചേര്‍ന്നാണ് പിള്ള പട്ടിക തയ്യാറാക്കിയത്.പട്ടിക തയ്യാറാക്കിയ രീതിയില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.