X

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

webdesk14: