X

ക്രിസ്തുമത വിശ്വാസികള്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ തടയാനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം;കെ സുധാകരന്‍

ക്രിസ്തുമത വിശ്വാസികള്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ തടയാനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കേരളത്തിലെ ക്രൈസ്തവര്‍ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന. ഈ ദിവസം പാതിരാ കുര്‍ബാന ഉള്‍പ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സര്‍ക്കാര്‍ ഈ പ്രാര്‍ത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്. ക്രൈസ്തവര്‍ കുടുംബസമേതം പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാര്‍ത്ഥന നടക്കുന്നത്. ക്രൈസ്തവസമൂഹത്തിന് പാതിരാ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടത്താന്‍ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസറ്റ് വഴി വ്യക്തമാക്കി.

 

 

 

Test User: