ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

 

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പിന്തുണച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്കു തുല്യഅവകാശമാണുള്ളതെന്നു സുപ്രീംകോടതിയിലെ വാദത്തിനിടെ ചീഫ് ജസറ്റിസ് നിരീക്ഷിച്ചു. എന്തടിസ്ഥാനത്തിലാണു പ്രവേശനം തടയുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണ്. പൊതുജനത്തിനായി ക്ഷേത്രം തുറക്കുമ്പോള്‍ ആര്‍ക്കും അവിടെ പോകാനാകണം.. സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. പ്രാര്‍ഥനയ്ക്കു പുരുഷനുള്ള തുല്യ അവകാശമാണു സ്ത്രീക്കുമുളളത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നു വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.

അതേസമയം പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുള്ള അവകാശമാണു വേണ്ടതെന്നു കേസിലെ ഹര്‍ജിക്കാരായ ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാടു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണു സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇനി തീരുമാനമുണ്ടാകേണ്ടതു കോടതിയില്‍നിന്നാണ്. കോടതി വിധി മാനിക്കും. സര്‍ക്കാരിന്റെ സമാന നിലപാടു തന്നെയാണു ദേവസ്വം ബോര്‍ഡിനുമുള്ളതെന്നു കടകംപള്ളി പറഞ്ഞു.

നേരത്തെ, കേസ് പരിഗണിക്കവെ ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമവശമാണു പരിഗണിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്നാണു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.

chandrika:
whatsapp
line