കല്‍പ്പറ്റ: ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെത്തുന്നു. നവംബര്‍ 11, 12, 13 തിയ്യതികളിലായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. വയനാട്ടിലെ കായിക പ്രേമികള്‍ക്ക് ആവേശമായ ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേഷിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വ്യാപാരി വ്യവസായി യൂത്ത് വിംഗ് ബത്തേരി യൂണിറ്റിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേശ് ചെയര്‍മാനായും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് സലിം കടവന്‍ കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
നവംബര്‍ 11ന് രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കും. വൈകിട്ട് 3.30ന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ടി.കെ.രമേശ് അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ വെച്ച് സൈക്കിള്‍ പോളോ ദേശീയ കായികതാരങ്ങളെ ബത്തേരി സെന്റ് മേരീസ്‌കോളേജ് റസിഡന്റ് മാനേജര്‍ ജോണ്‍ മത്തായി നൂറനാല്‍ ആദരിക്കും.