തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണ് കേരളത്തിലെ ജനതയ്ക്ക് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അതിഭീകര റാഗിങ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐയുടെ അതാത് കോളേജുകളുടെ നേതൃത്വമാണ് ഈ പീഡനത്തെ നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അതിക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് അവിടുത്തെ എസ്എഫ്‌ഐയാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം നേതൃത്വവും സര്‍ക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥന ആക്രമിച്ച എസ്എഫ്‌ഐ നേതാക്കന്മാര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന അതിഭീകര റാഗിങും ഇതിന്റെ തുടര്‍ച്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ കേസിലെ പ്രതികളെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജാതി അധിക്ഷേപത്തെയും കള്ള സര്‍ട്ടിഫിക്കറ്റിനെയും ന്യായീകരിക്കുന്ന നേതൃത്വമാണ് എസ്എഫ്‌ഐക്ക് ഉള്ളതെന്നും ഇത്തരമൊരു നേതൃത്വം എസ്എഫ്‌ഐയ്ക്കു നിലനില്‍ക്കുന്നത് സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടുകൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടത് പോലെ എസ്എഫ്‌ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.