X

‘സംസ്ഥാന ബജറ്റില്‍ പൊള്ളയായ അവകാശവാദങ്ങളും വാചകക്കസര്‍ത്തും മാത്രം’: കെ.സി വേണുഗോപാല്‍ എം.പി

പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാൻ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സർക്കാരിന്റെ ബജറ്റിൽ തെറ്റിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.

മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്. സി.പി.എമ്മിന്റെ നയവ്യതിയാനത്തിന്റെ പ്രഖ്യാപനം കൂടിയാണത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവ് പോലും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി നടപ്പാക്കാതെയാണ് ഈ വർഷവും പ്രഖ്യാപനം നടത്തുന്നത്. കോടതി ഫീസ് പോലും വർധിപ്പിച്ച സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള മാന്യത കാണിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല എന്നതാണ് വിചിത്രം.

പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. നഷ്ടത്തിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ചതാകട്ടെ, തുച്ഛമായ തുകയും. റബ്ബറിന്റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വർധനവ് മാത്രമാണുണ്ടായത്. അതും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെയുണ്ടായ വർധനയും. റബ്ബർ കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണിത്. കർഷകർക്കും യുവജനങ്ങൾക്കും നിരാശ മാത്രമാണുള്ളത്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജ് എങ്ങും എത്താതിരിക്കുമ്പോഴാണ് വീണ്ടും അതിന്റെ പേരിൽ പ്രഖ്യാപനം നടത്തുന്നത്.

നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങളും ബജറ്റിലില്ല. ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക സുരക്ഷാ പെൻഷന് വേണ്ടിയാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് നേരത്തെ ഇതേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എട്ടുമാസത്തോളം സെസ് പിരിച്ചിട്ട് ഒരുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും ഈവകയിൽ നൽകിയില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലിനെ കുറിച്ചും വ്യക്തതയില്ല.

ഇങ്ങനെ ദിശാബോധം ഇല്ലാത്തതും വീരസ്യം മുഴക്കലും മാത്രം നിറഞ്ഞതാണ് ബജറ്റിന്റെ ബാക്കിപത്രമെന്നും കെ.സിവേണുഗോപാൽ കുറ്റപ്പെടുത്തി.

webdesk14: