സാധാരണക്കാരുടെ പിരടിയില്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. ജനങ്ങളെ ദ്രോഹിക്കുന്നു എന്നല്ലാതെ കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാതലായ പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള യാതൊരു പദ്ധതിയും ബജറ്റില്‍ ഇല്ലെന്നും കെപിഎ മജീദ് പറഞ്ഞു. ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം കടലാസിലാണ്. നികുതിയുടെ പേരും പറഞ്ഞ് ധാരാളം പണം പിരിക്കുന്നു എന്നല്ലാതെ ഒന്നും ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നില്ലെന്നും വ്യക്താമാക്കി.
ഭൂമിയുടെ ന്യായവിലയിലും പഴയ വാഹനങ്ങളുടെ ഹരിത നികുതിയിലും മോട്ടോര്‍ സൈക്കിളുകളുടെ നികുതി വര്‍ധനവിലും സാധാരണക്കാര്‍ ഏറെ പ്രയാസപ്പെടും. 602 കോടിയോളം രൂപ വിവിധ നികുതി വര്‍ധനവുകളിലൂടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍, നടപ്പാക്കി വരുന്ന പദ്ധതികളില്‍ ഏറെയും ജനവിരുദ്ധമാണെന്നും മജീദ് ഓര്‍മപ്പെടുത്തി.
അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് കൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. കഴിഞ്ഞ ബജറ്റില്‍ റീബില്‍ഡ് കേരളക്ക് വേണ്ടി നീക്കിവെച്ച 1830 കോടി രൂപയില്‍ ആകെ ചെലവഴിച്ചത് 388 കോടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി വിഭാഗങ്ങള്‍ എന്നീ മേഖലകളിലേക്ക് നീക്കിവെച്ച തുകയില്‍ 50 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കില്‍ രണ്ട് ലക്ഷം കോടിയുടെ ബാധ്യത വരുന്ന സില്‍വര്‍ ലൈന്‍ വിടുന്ന മട്ടില്ല. ജനത്തിന് വേണ്ടാത്ത പദ്ധതിക്കു വേണ്ടിയുള്ള സര്‍ക്കാറിന്റെ കടുംപിടുത്തം എന്തിന് വേണ്ടിയാണെന്ന കാര്യം കേരളം മനസ്സിലാക്കിയിട്ടുണ്ടെന്നും കെപിഎ മജീദ് കൂട്ടിചേര്‍ത്തു.