കെ. കുട്ടി അഹമ്മദ് കുട്ടി
ബജറ്റ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ആരോഗ്യമേഖലയ്ക്കാണെന്നത് ശ്രദ്ധേയമാണ്. ഇവയില്‍ തന്നെ നല്ലൊരു ഭാഗവും കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടിട്ടാണ്. കാന്‍സര്‍ കേരളത്തില്‍ പിടിമുറുക്കുന്നു എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള സമീപനം നല്ലതാണെന്നതില്‍ സംശയമില്ല. എന്നാല്‍, പ്രാഥമിക ആരോഗ്യ മേഖലയ്‌ക്കോ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു വിധ ശ്രദ്ധയുമുണ്ടായിട്ടില്ല. പുതിയ പൊതു ജനാരോഗ്യ ബില്‍ നിയമമസഭയുടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ആവിഷ്‌കരിച്ചതാണ് കാരുണ്യ പദ്ധതി. ഇതിനെ ഇല്ലാതാക്കാന്‍ ഐസകിന്റെ ബഡ്ജറ്റുകളില്‍ ശ്രമവുമുണ്ടായിരുന്നു. എന്നാല്‍ ബാലഗോപാല്‍ അതിന്റെ പ്രാധാന്യം മനസിലാക്കിയിരിക്കുന്നു. 500 കോടി രൂപ ഇതിനു മാറ്റി വച്ചിട്ടുണ്ട് എന്നതും നല്ലതു തന്നെ. എന്നാല്‍, മുന്‍ സൂചിപ്പിച്ചതു പോലെ രോഗപ്രതിരോധത്തിനോ പൊതു ജനാരോഗ്യത്തിനോ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. രോഗം വാണിതിട്ടു ചികില്‍സിയ്ക്കുന്നതിനേക്കാള്‍ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്. സാമൂഹ്യ ക്ഷേമത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചിലവിന്റെ 25 ശതമാനം ജന്‍ഡര്‍ ബഡ്ജറ്റിന് നല്‍കിയിട്ടുണ്ട് എന്നതും സന്തോഷപ്രദം. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കും എന്നതും നല്ലത്. പക്ഷെ ഇത് മൊത്തത്തില്‍ പരിഗണിയ്ക്കുമ്പോള്‍ ശ്രീമതി വീണ ജോര്‍ജിനാണോ കൂടുതല്‍ പരിഗണന എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.
അരിവാള്‍ രോഗം ബാധിച്ച ഓരോ വ്യക്തിയ്ക്കും രണ്ടു ലക്ഷം വീതം നല്‍കുമെന്ന് പറയുന്നു. നല്ലത്. പക്ഷെ ഒരു സംശയം. എല്ലാ സി.പി.എം പ്രവര്‍ത്തകരും ഈ രോഗം ബാധിച്ചവരെണെന്നിരിക്കേ ഈ സഹായം അവര്‍ക്കായിരിയ്ക്കുമോ നല്‍കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പിനായി 2000 കോടി രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. പദ്ധതിയുടെ ഡി.പി.ആര്‍ പ്രകാരം സ്ഥലമെടുപ്പിനു ആവശ്യമായിട്ടുള്ളത് 6000 കോടിയാണ്. മുഖ്യമന്ത്രി പറയുന്നതാകട്ടെ സ്ഥല വിലയായി മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കുമെന്നും. ആ അടിസ്ഥാനത്തിലാണെങ്കില്‍ വേണ്ടി വരുന്നത് 24000 കോടിയാണ്, മാറ്റി വച്ചിട്ടുള്ളതാകട്ടെ 2000 കോടിയും. ഇത് കാണിയ്ക്കുന്നത് ഒന്നുകില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകില്ല എന്ന് സര്‍ക്കാറിനുറപ്പുണ്ടെന്നാണ്. അല്ലെങ്കില്‍ സ്ഥലമെടുപ്പിന്റെ നഷ്ട്ട പരിഹാരം വൈകുമെന്നാണ്. അതുമല്ലെങ്കില്‍, പദ്ധതിക്കുള്ള സ്ഥലമെടുപ്പ് തന്നെ വളരെ വര്‍ഷങ്ങള്‍ എടുക്കുമെന്ന്. അവസാനം പറഞ്ഞതാണ് ശരിയെങ്കില്‍ ആ പദ്ധതിക്ക് വേണ്ടി വരുമെന്ന് സങ്കല്‍പിച്ചിട്ടുള്ള കണക്കുകള്‍ മുഴുവന്‍ തെറ്റുമെന്നു മാത്രമല്ല, പദ്ധതി പൂര്‍ത്തീകരിയ്ക്കപ്പെടുക വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും.
കിഫ്ബി വഴി പദ്ധതികള്‍. ഇത് ബഡ്ജറ്റേതര ചെലവാണെന്നോര്‍ക്കണം. പിന്നെന്തിനത് ബഡ്ജറ്റില്‍ കൊണ്ട് വരണം? കിഫ്ബിയുടെ പണമെടുപ്പ് എപ്രകാരമായിരിക്കും സംസ്ഥാനത്തെ ബാധിക്കുകയെന്നു സി.എ.ജി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനോ തൊഴിലില്ലായ്മാ പരിഹരിഹരിക്കുന്നതിനോ ഉള്ള ശ്രമം ഒന്നും തന്നെ ഇല്ല. പാര്‍ട്ടി സമ്മേളനത്തില്‍ ഊന്നല്‍ കൊടുത്ത ഉന്നത വിദ്യാഭ്യാസം തിരസ്‌കരിക്കപ്പെട്ടതായാണ് ബജറ്റ് കാണിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് നീക്കി വച്ചിട്ടുള്ളത് വളരെ ചെറിയ തുകയാണ്. പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുവാന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി വച്ച തുക തന്നെ അപര്യാപ്തമായിരിക്കും. അതായത് ഗവേഷണമോ പുതിയ മേഖലകളുടെ വികാസമോ നടക്കില്ല എന്ന് സാരം.
സ്‌കില്‍ ഡവലപ്‌മെന്റ് പാര്‍ക്കുകള്‍ രൂപീകരിയ്ക്കുമെന്നാണ് പറയുന്നത്. ചവറയില്‍ കൊണ്ട് വന്ന സ്ഥാപനത്തിന് എന്ത് പറ്റി എന്ന് കൂടി പറയുന്നത് നന്നായിരിയ്ക്കും. വരുമാനം. ഭൂമിയുടെ ന്യായ വില വര്‍ദ്ധനവ്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ കുറച്ചേക്കാം. അത് കൊണ്ട് തന്നെ അത് ഉദ്ദേശിച്ച ഫലമുണ്ടാക്കുമോ എന്നത് സംശയകരം. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ക്കുള്ള ഗ്രീന്‍ നികുതി. ഇത് ക്രൂരമാണ്. പുതിയത് വാങ്ങാന്‍ ശേഷിയില്ലാത്തവനാണ് പഴയതിനു പോകുന്നതെന്ന് ഓര്‍ക്കണം.