തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടണം.
കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്ന് പിടിക്കുന്നത്. കുട്ടികളും യുവാക്കളും പോലും പനിപിടിച്ച് മരണമടയുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊണ്ട് പത്രങ്ങള്‍ നിറയുന്നു. പനിപിടിച്ച് എത്രപേര്‍ മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല.
സര്‍ക്കാരാസ്പത്രികളിലുണ്ടാവുന്ന മരണങ്ങള്‍ സംബന്ധിച്ച കണക്കുകളെ ആരോഗ്യവകുപ്പിന്റെ പക്കലുള്ളൂ. അതിനെക്കാള്‍ വളരെ കൂടുതലാണ് സ്വകാര്യ ആസ്പത്രിയിലെ മരണങ്ങള്‍. പനിബാധിതരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ആശുപത്രികള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മാരകമായ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പോലും സ്വകാര്യ ആസ്പത്രികളില്‍ ഉള്‍പ്പെടെ ഒരിടത്തും ഇടം കിട്ടുന്നില്ല.
സ്ഥിതി ഇത്രയും ഗുരുതരമായിട്ടും പകര്‍ച്ചപ്പനിയുടെ സ്രോതസ്സായ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇക്കാര്യത്തിലെ വീഴ്ച തുറന്ന് സമ്മതിച്ച മുഖ്യമന്ത്രി പക്ഷേ കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. മാലിന്യ നീക്കത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച ഉണ്ടായാല്‍ അവരെ കുറ്റപ്പെടുത്തി സമയം പാഴാക്കാതെ സര്‍ക്കാര്‍ തന്നെ ആ കടമ നിര്‍വഹിക്കുകയാണ് വേണ്ടത്.
പനി പിടിക്കുമ്പോള്‍ ഓടിച്ചെന്ന് അഭയം പ്രാപിക്കേണ്ട ആശുപത്രികളില്‍ പോലും അപകടകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആസ്പത്രികളുടെ പരിസരവും മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. കൊതുകുകളുടെയും എലികളുടെയും ഉറവിടമാണ് അവിടെ.
ആസ്പത്രികളുടെ ചുറ്റുപാടും വെടിപ്പാക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ നേരിട്ടെത്തിയ ആരോഗ്യമന്ത്രി അവിടത്തെ മാലിന്യ കൂമ്പാരം കണ്ട് ബോദ്ധ്യപ്പെട്ടതാണ്. എന്നിട്ടും തുടര്‍ നടപടി എടുത്തില്ല.
എല്ലാ ആസ്പത്രികളും മലിനമായി തന്നെ തുടരുന്നു. ഒരു തരം പനിയുമായി ആസ്പത്രിയില്‍ ചെന്നാല്‍ പലതരം പനിയുമായി മടങ്ങാം എന്ന അവസ്ഥയാണിപ്പോള്‍.
പല പ്രധാന ആശുപത്രികളിലും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പനിപിടിച്ച് കിടപ്പായതിനാല്‍ ചികിത്സിക്കാന്‍ ആളില്ലാത്ത അവസ്ഥയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം സര്‍ക്കാര്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം.
അവസരത്തിനൊത്ത് ഉയര്‍ന്ന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പിനി ചികിത്സയ്ക്കായി നിയോഗിക്കണം. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരെയും കിട്ടാതെ വരുന്നെങ്കില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിന്റെയും കര്‍ണ്ണാടകയുടെയും സഹായം തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
- 8 years ago
chandrika
Categories:
More
സംസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍; സര്‍ക്കാര്‍ നോക്കുകുത്തി
Tags: Denkippani