തിരുവനന്തപുരം: കേരളത്തില്‍ 25 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്‌നാട്,ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തല്‍. കൂടാതെ, ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലിക്കാറ്റായി മാറിയേക്കാം.