X
    Categories: Culture

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറി

മിച്ചല്‍ സ്റ്റാര്‍ക്ക്‌

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇനി അവശേഷിക്കുന്ന രണ്ട് നിര്‍ണായക മത്സരങ്ങളില്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സേവനം ഓസ്‌ട്രേലിയക്ക് ലഭ്യമാവില്ല. വലതുകാലിലെ പരിക്കിനെ തുടര്‍ന്നാണ് ഇടങ്കയ്യന്‍ ബൗളറുടെ പിന്മാറ്റം. നേരത്തെ പരിക്കു കാരണം മിച്ചല്‍ മാര്‍ഷ് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.

ബംഗളുരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ അനുഭവപ്പെട്ട വേദന മത്സരം കഴിഞ്ഞും തുടര്‍ന്നതോടെ പരിശോധനക്ക് വിധേയനാക്കിയെന്നും സ്‌കാനിങില്‍ പരിക്ക് കണ്ടെത്തിയെന്നും ഓസ്‌ട്രേലിയന്‍ ടീം ഫിസിയോതെറാപിസ്റ്റ് ഡേവിഡ് ബീക്ക്‌ലി പറഞ്ഞു. വിശ്രമത്തിനും ചികിത്സക്കുമായി താരം ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. സ്റ്റാര്‍ക്കിനു പകരം ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പേസ് ബൗളര്‍ ജാക്ക്‌സണ്‍ ബേര്‍ഡ് ടീമിനൊപ്പമുള്ളതിനാല്‍ പാറ്റ് കമിന്‍സ്, ജെയിംസ് പാറ്റിന്‍സന്‍ എന്നിവരില്‍ ഒരാളാവും ഇന്ത്യയിലേക്ക് പുറപ്പെടുക എന്നാണ് സൂചന. മിച്ചല്‍ മാര്‍ഷിനു പകരക്കാരനായി മാര്‍കസ് സ്റ്റോയ്‌നിസിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിര്‍ണായക സംഭാവനയാണ് സ്റ്റാര്‍ക്ക് സന്ദര്‍ശക ടീമിന് നല്‍കിയിരുന്നത്. ഓസ്‌ട്രേലിയ 333 റണ്‍സിന് ജയിച്ച ഒന്നാം ടെസ്റ്റില്‍ അദ്ദേഹം ഒന്നാം ഇന്നിങ്‌സില്‍ 61 റണ്‍സ് നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക്ക് ഒരു ഓവറില്‍ വീഴ്ത്തിയ രണ്ട് വിക്കറ്റുകളാണ് ഇന്ത്യയെ വന്‍ ലീഡില്‍ നിന്ന് തടഞ്ഞത്. എങ്കിലും മത്സരം ഇന്ത്യ 75 റണ്‍സിനു ജയിച്ചു.

ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരം വീതം വിജയിച്ചു നില്‍ക്കുകയാണ്. മൂന്നാം മത്സരം 16-ന് റാഞ്ചിയില്‍ ആരംഭിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: