ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണാതായ വ്യോമസേനാ പൈലറ്റിന്റെ സുരക്ഷയില്‍ രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ധീരനായ പൈലറ്റിനെ കാണാതായ വിവരം ദുഃഖത്തോടെയാണ് കേട്ടത്. അദ്ദേഹം പരിക്കേല്‍ക്കാതെ ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ സൈന്യത്തിനൊപ്പം നില്‍ക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതിനിടെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവെക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
അതിര്‍ത്തിയില്‍ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശദീകരിച്ചു. പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റിവച്ചിട്ടുണ്ട്.