X

താളംതെറ്റി റേഷന്‍ വിതരണം-എഡിറ്റോറിയല്‍

സംസ്ഥാനത്ത് സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പത്തുദിവസത്തോളമായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറുംകൈയ്യോടെ മടങ്ങിപ്പോവുകയാണ്. ഉപജീവനത്തിന് അന്നന്ന് തൊഴിലിനുപോകേണ്ട സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. സാങ്കേതിക തകരാര്‍ കാരണം ദിവസത്തിന്റെ മുക്കാല്‍ഭാഗവും ഉപഭോക്താക്കളും വിതരണക്കാരും റേഷന്‍കടയുടെ മുന്നില്‍ വെറുതെ നില്‍ക്കുകയാണ്. ആളുകള്‍ കൂടുതലായി കടകളിലെത്തുന്ന വൈകുന്നേര സമയങ്ങളിലാണ് നെറ്റ്‌വര്‍ക്കിന് കൂടുതല്‍ തടസങ്ങളുണ്ടാകുന്നത്. ഇതുകാരണം നവംബര്‍ മാസം അവസാനിക്കാറായിട്ടും പകുതിയോളം പേര്‍ക്ക് മാത്രമേ ഈ മാസത്തെ റേഷന്‍ വസ്തുക്കള്‍ ലഭിച്ചിട്ടുള്ളൂ.

കാര്‍ഡുടമയുടേയോ അംഗത്തിന്റെയോ കൈവിരലുകള്‍ പതിപ്പിക്കുന്ന ഇ പോസ് സംവിധാനത്തിലൂടെയാണ് നിലവില്‍ റേഷന്‍ വിതരണം നടക്കുന്നത്. ബയോമെട്രിക് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ രണ്ടാമത്തെ സാധ്യത എന്ന നിലയില്‍ ഒ.ടി.പി സംവിധാനവും ഉപയോഗിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാവുന്നതാണ് ഇ പോസ് സംവിധാനത്തെ ബാധിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ പകരമായി ഉപയോഗപ്പെടുത്തേണ്ട ഒ.ടി.പി സിസ്റ്റവും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ഒ.ടി.പി ഉപയോഗിക്കണമെങ്കില്‍ കടയിലെത്തുന്നവരുടെ കൈവശം മൊബൈല്‍ ഫോണുണ്ടാവേണ്ടതുണ്ട്. പലരും ഫോണ്‍ കൈയ്യില്‍ കരുതാത്തതും ചിലര്‍ക്കെല്ലാം ഫോണ്‍തന്നെ ഇല്ലാത്തതുമൊക്കെയാണ് ഇതിനെ ബാധിക്കുന്നത്. മൊത്തത്തില്‍ രണ്ടു സംവിധാനങ്ങളും പ്രായോഗികമല്ലാതാവുന്നതും റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിക്കുന്നതുമാണ് നിലവിലെ അവസ്ഥ.

അരിവില റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണമുള്ള വര്‍ധനവിലൂടെ നിലവില്‍ സാധാരണ അരിയുടെ വില 60 രൂപയിലെത്തിനില്‍ക്കുകയാണ്. സാധാരണക്കാരന് അന്നം കഴിക്കണമെങ്കില്‍ റേഷന്‍ കടകള്‍ മാത്രമാണ് ഇപ്പോഴത്തെ ശരണം. ഈ മാസമാകട്ടേ സ്‌പെഷല്‍ അരി വിതരണവും നടക്കേണ്ടതുണ്ട്. ഈ സമയത്താണ് വിതരണം ഈ രീതിയില്‍ താളംതെറ്റിയിരിക്കുന്നത്. സാങ്കേതിക തകരാറില്‍ പെട്ട് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടാവുന്നില്ലെന്നതാണ് ഏറ്റവും ഖേദകരം. നിലവിലുള്ള സംവിധാനത്തില്‍ വ്യാപാരികള്‍ക്ക് വ്യാപകമായ പരാധിയുണ്ട്. ഇക്കാര്യം നിരന്തരമായി അവര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

കമ്മീഷന്‍ വര്‍ധന ഉള്‍പ്പടെ റേഷന്‍ വ്യാപാരികള്‍ നിരവധിയായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കെട്ടിടവാടക, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെയെല്ലാമുണ്ടായിരിക്കുന്ന വര്‍ധനവുകാരണം നിലവിലുള്ള കമ്മീഷന്‍ പുതുക്കാത്ത പക്ഷം ഒരുനിലക്കും മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍. ഏജന്‍സി തന്നെ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പലരുമുള്ളത്. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍പോലും ഇപ്പോഴും നല്‍കിയിട്ടില്ലെന്നുള്ള പരാധി വരെ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഉദാസീനതക്കെല്ലാമുള്ള സര്‍ക്കാറിന്റെ മറുപടി. എന്നാല്‍ മന്ത്രിമാരുടെ വിദേശ യാത്ര, അടിക്കടിയുള്ള വാഹനങ്ങളുടെ പുതുക്കല്‍ തുടങ്ങിയ എല്ലാ ആര്‍ഭാഢങ്ങള്‍ക്കും പണം അനുവദിക്കാന്‍ ധനവകുപ്പിന് യാതൊരു മടിയുമില്ലതാനും. ഈ മുന്‍ഗണനാ ക്രമത്തില്‍ നിന്നു തന്നെ റേഷന്‍ വിതരണത്തിനു സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മനസിലാക്കാന്‍ സാധിക്കും. റേഷന്‍ വിതരണക്കാരോടുള്ള ഈ വെല്ലുവിളി സാധാരണക്കാരോടാണെന്നുള്ള തരിച്ചറിവ് സര്‍ക്കാറിനുണ്ടാവേണ്ടതുണ്ട്.

കേരളത്തിന്റെ പൊതുവിതരണ സംവിധാനം രാജ്യത്തിനാകെ മാതൃകയായിട്ടുള്ളതാണ്. മറ്റു പല മേഖലകളിലെന്നപോലെ പിണറായി സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ കാരണം ഈ മേഖലയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കേണ്ട ഈ ഘട്ടത്തില്‍ അങ്ങോട്ടു തിരിഞ്ഞുനോക്കാതെയും ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കാതെയും വിതരണം അവതാളത്തിലാക്കിയും ഇതിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

Test User: