ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുവെന്നും പ്രവര്‍ത്തകര്‍ സജ്ജമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ അസ്വാരസ്യവും തമിഴ്‌നാട് ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വും തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആഹ്വാനം. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പനീര്‍സെല്‍വമോ, അണ്ണാ ഡിഎംകെ നേതാക്കളോ സര്‍ക്കാരുണ്ടാക്കിയാല്‍ നിലനില്‍ക്കില്ല.
ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പു പോലും ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും. എ.ഐ.എ.ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത എടപ്പാടി പളനിസ്വാമി ഇന്ന് ഉച്ചയോടെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
എം.എല്‍.എമാരുടെ പിന്തുണ അനുസരിച്ച് ഇദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതേസമയം ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നാണ് അറിയാനുള്ളത്. 124 പേരുടെ പിന്തുണയുണ്ടെന്നാണ് എടപ്പാടിയുടെ അവകാശവാദം. 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പതിനൊന്ന് പേരുടെ പിന്തുണയാണ് പന്നീര്‍സെല്‍വത്തിനുള്ളത്. ഇനി മന്ത്രിസഭ രൂപീകരിച്ചാല്‍ തന്നെ എത്രകണ്ട് മുന്നോട്ട് പോകും എന്നും രാഷ്ട്രീയകേന്ദ്രങ്ങള്‍ നോക്കുന്നുണ്ട്.