സമ്പൂര്‍ണ പരാജയമായ 2016ലെ നോട്ടുനിരോധനവും വന്‍ വിലക്കയറ്റത്തിന് വഴിവെച്ച 2017ലെ ചരക്കുസേവനനികുതിയും 2019-21ലെ കോവിഡും വഴിമുട്ടിച്ച ഇന്ത്യന്‍സമ്പദ്‌രംഗത്തിന് കൂനിന്മേല്‍കുരുവായിരിക്കുകയാണ് അതിശീഘ്രം കുതിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയിലെ ക്രമാതീതവിലക്കയറ്റം. നിത്യോപയോഗ വസ്തുക്കള്‍ക്ക് കാരണമാകുന്ന പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തിന് പുറമെയാണ് നിര്‍മാണമേഖലയെ പൂര്‍ണമായും സ്തംഭനത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വിലക്കയറ്റമുണ്ടായിരിക്കുന്നത്. കമ്പി, സിമന്റ്, പാറക്കല്ല്, ഇലക്ട്രിക് ഉപകരണങ്ങള്‍, പ്ലമ്പിങ് ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ പലതിനും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ഉണ്ടായിരിക്കുന്ന വിലവര്‍ധവ് ഇരട്ടിയിലും അധികമാണ്. റഷ്യ-യുക്രെയിന്‍ യുദ്ധമാണ് മറ്റൊരു കാരണം. ധാന്യങ്ങള്‍ക്കും ഇതര ഭക്ഷ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുന്നത് വ്യക്തികളെയും കുടുംബങ്ങളെയുമാണ് പ്രതികൂലമായി ബാധിക്കുന്നതെങ്കില്‍, നിര്‍മാണ മേഖലയിലെ നിശ്ചലാവസ്ഥ വരുത്തിവെക്കുന്ന ദുരന്തം നാടിനാകെതന്നെയാണ്. പണമുള്ളവന്‍ അത് ചെലവഴിക്കുന്നതാണ് ഏതൊരു സമ്പദ്്ഘടനയുടെയും നട്ടെല്ല്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളിലേക്കും പ്രത്യേകിച്ചും താഴേക്കിടയിലുള്ളവരിലേക്ക് എത്തേണ്ട പണത്തിന്റെ വിഹിതമാണ് ഇതിലൂടെ സ്തംഭിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘദൃഷ്ടിയില്ലാത്ത നയനടപടികളാണ് ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഭരണകര്‍ത്താക്കളില്‍നിന്നും അവരുടെ സാമ്പത്തികോപദേഷ്ടാക്കളില്‍നിന്നുമായി നാടിന് അനുഭവിക്കേണ്ടിവരുന്നത്. ശ്രീലങ്കയിലെ വന്‍സാമ്പത്തികത്തകര്‍ച്ച ഇത്തരുണത്തില്‍ നമുക്ക് പാഠമാകേണ്ടതാണ്.
നിര്‍മാണ വസ്തുക്കളില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഉരുക്കിന്റെ വിലയാണ് അടുത്തകാലത്ത് റോക്കറ്റുപോലെ കുതിച്ചത്. 2021 മാര്‍ച്ചില്‍ കിലോക്ക് 48 രൂപയായിരുന്ന സ്റ്റീലിന്റെ വില ഇന്ന് 96 രൂപയാണ്. അതായത് ഇരട്ടി. കമ്പിയുടെ വില ഇക്കാലയളവില്‍ 68ല്‍നിന്ന് 86 ലേക്ക് കുതിച്ചപ്പോള്‍ മറ്റൊരു വസ്തുവായ സിമന്റിന്റെ വിലയില്‍ 40 ശതമാനത്തോളമായി വിലയുയര്‍ന്നിരിക്കുന്നത്- 2021ല്‍ ഉണ്ടായിരുന്ന ചാക്കിന് 340ല്‍നിന്ന് 500 രൂപയിലേക്കുള്ള വര്‍ധനവ്. ഇലക്ട്രിക് വയറിന്റെ വിലയിലും ഈ മാറ്റം ദൃശ്യം. ഒരു റോളിന് 895 രൂപയായിരുന്നതാണ് ഈ വര്‍ഷം മാര്‍ച്ചില്‍ 1140 രൂപയായി ഉയര്‍ന്നത്. പ്ലമ്പിങിന് ഉപയോഗിക്കുന്ന വിവിധതരം കുഴലുകള്‍ക്കും വിലയില്‍ വലിയ കുതിപ്പ് സംഭവിച്ചിട്ടുണ്ട്. പി.വി.സി പൈപ്പിന് ഒരു ലങ്ത് അഥവാ അഞ്ച് മീറ്റിന് ഉണ്ടായിരുന്ന 1263 രൂപ ഇപ്പോള്‍ 1518 ആയി ഉയര്‍ന്നു- 20 ശതമാനം വര്‍ധനവ്. ജി.എസ്.ടിയിലുണ്ടായ വര്‍ധനവിന് പുറമെയാണ് കോവിഡ് കാലത്ത് ഉത്പാദനം കുറഞ്ഞെന്ന കാരണം പറഞ്ഞുള്ള വിലക്കയറ്റം. 28 ശതമാനമാണ് സിമന്റിന്റെയടക്കം ജി.എസ്.ടി നിരക്ക്. തന്മൂലം ചതുരശ്രയടിക്ക് 1500 രൂപയുണ്ടായിരുന്ന നിര്‍മാണ നിരക്ക് ഇന്നിപ്പോള്‍ 2500ലെത്തിയിരിക്കുന്നു.
സാധാരണക്കാരന്‍ വെയിലും മഴയും കൊള്ളാതിരിക്കാന്‍ ചെറിയൊരു വീടു നിര്‍മിക്കാനൊരുങ്ങുമ്പോള്‍ എന്തുമാത്രം പെടാപ്പാടാണ് ഇതുമൂലം പേറേണ്ടിവരുന്നതെന്നത് ഇതെല്ലാം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയിലും എസ്റ്റിമേറ്റ് തുകയിലും യഥാര്‍ഥ തുകയിലും വലിയ അന്തരം ഇതോടെ സംഭവിക്കുമ്പോള്‍ ഇതേ പാവപ്പെട്ടവന്റെയുള്‍പ്പെടെയുള്ള അധ്വാനത്തിന്റെ ഫലമാണ് അയാളറിയാതെ പോക്കറ്റടിക്കപ്പെടുന്നത്. നോട്ടു നിരോധന കാലത്ത് എല്ലാംപിന്നീട് ശരിയാകുമെന്ന് പറഞ്ഞവരുടെ വായമൂടിക്കെട്ടിയ അവസ്ഥയാണിന്ന്. ഭരണാധികാരവുമായി ബന്ധമുള്ളവരും വരേണ്യവര്‍ഗവും താരതമ്യേന ഇതിന്റെ നേരിയൊരു ആഘാതമേ സഹിക്കേണ്ടിവരുന്നുള്ളൂവെങ്കില്‍ സാധാരണക്കാരും പാവപ്പെട്ടവരുമാണ് ഈ വിലക്കയറ്റത്തിന്റെ നേരിട്ടും പരോക്ഷവുമായ ഇരകള്‍. സമ്പത്ത് സമ്പന്നരിലേക്ക് വീണ്ടും കുന്നുകൂടുന്നതിനാണ് കോവിഡ് കാലത്തെ വിലക്കയറ്റംമൂലം സംഭവിച്ചതെന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്തെ ആയിരം അതിസമ്പന്നര്‍ കോവിഡ് അനുബന്ധ നഷ്ടം ഒന്‍പതുമാസംകൊണ്ട് നികത്തിയതായാണ് ഒരു പഠനം പറയുന്നത്. എന്നാല്‍ അതേ പഠനത്തില്‍ വ്യക്തമായത് സാധാരണ ജനത്തിന് തങ്ങളുടെ നഷ്ടം നികത്താന്‍ ഒരു പതിറ്റാണ്ടുതന്നെ വേണ്ടിവരുമെന്നാണ്. കോവിഡ് കാലത്ത് രാജ്യത്ത് പത്തുകോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ പത്തുലക്ഷം കോടിരൂപ സമ്പന്നരുടെ കടത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. പെട്രോളിയം ഉത്പന്നങ്ങളുടെയും ഇന്‍ഷൂറന്‍സ് മേഖലയിലെയും വരുമാനം സമ്പന്നരിലേക്ക് ധനം ഒഴുക്കുമ്പോള്‍ വിലക്കയറ്റത്തിലൂടെ പാവപ്പെട്ടവര്‍ വീണ്ടും വീണ്ടും ദരിദ്രരായിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരുകളുടെ നയങ്ങള്‍ കാരണം കാര്‍ഷിക മേഖലയുടെ തളര്‍ച്ചയില്‍ ഗ്രാമീണര്‍ വ്യവസായ തൊഴില്‍ മേഖലകളിലേക്ക് തിരിയുന്ന ഘട്ടത്തില്‍ ഇവരുടെ വയറ്റത്തടിക്കുന്നതാണ് നിര്‍മാണ മേഖലയുടെ പ്രതിസന്ധി. ലക്ഷങ്ങള്‍ വായ്പയെടുത്ത് വീട് നിര്‍മിക്കാന്‍ പുറപ്പെട്ടവര്‍ പാതിവഴിക്ക് നിര്‍മാണം നിര്‍ത്തിവെക്കേണ്ടിവരുന്ന സാമ്പത്തിക മനോഭാരം വിവരണാതീതമാണ്. വര്‍ധിച്ചുവരുന്ന അക്രമങ്ങളും ആത്മഹത്യകളും ഇതിന്റെയെല്ലാം പ്രതിഫലനമാണെന്ന് തിരിച്ചറിയാന്‍ കഴിയണം.