ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും, മെയിൻ ബ്ലോക്കിൽ നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്നതിനും സമയം നിശ്ചയിച്ചാണ് പുതിയ രീതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.ഇതിനായി ഓരോ ഓഫീസ് കവാടത്തിലും ഇടനാഴിയിലുമെല്ലാം കണ്‍ട്രോള്‍ സംവിധാനവും കൊണ്ടുവന്നു. ഇന്ന് മുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും, അത് കഴിഞ്ഞ് ആക്സസ് കൺട്രോൾ ബയോ മെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവ് ഭേദഗതി ചെയ്തു. ബയോ മെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമർശം നീക്കി. രണ്ട് മാസത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്.