എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ അപാകതയെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് രംഗത്ത്. ഒരു വിഷയത്തില്‍ 28 മാര്‍ക്ക് മാത്രം കിട്ടിയ കുട്ടിക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ മുഴുവന്‍ മാര്‍ക്കും കിട്ടി. അലസമായി മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സൗത്ത് പനമണ്ണ സ്വദേശി ശശികുമാര്‍ ഒറ്റപ്പാലം ഡിഇഒക്ക് പരാതി നല്‍കി.
ഒറ്റപ്പാലം സൗത്ത് പനമണ്ണ മല്ലിപ്പറമ്പില്‍ വീട്ടില്‍ വിഷ്ണുവിനാണ് ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മലയാളം വിഷയത്തില്‍ 28 മാര്‍ക്ക് മാത്രം കിട്ടിയത്. മലയാളം ഒഴികെയുള്ള വിഷയങ്ങളിലെല്ലാം വിഷ്ണുവിന് എ പ്ലസായിരുന്നു. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കി. ഒപ്പം ഉത്തരപേപ്പറിന്റെ പകര്‍പ്പിന് അപേക്ഷയും നല്‍കി. പുനര്‍മൂല്യ നിര്‍ണയത്തില്‍ മുഴുവന്‍ മാര്‍ക്കും നേടി. ഇതോടെ 28 മാര്‍ക്ക് നല്‍കിയ അധ്യാപകനെതിരെ വിഷ്ണുവിന്റെ പിതാവ് പരാതി നല്‍കുകയായിരുന്നു.