X

എസ്.എസ്.എല്‍.സി; 81 % പേരും ഫലമറിഞ്ഞത് മൊബൈല്‍ ഫോണിലൂടെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര്‍ ലാപ്ടോപ്പുകളെയും ഡെസ്‌ക്‌ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര്‍ ഫലമറിയാനായി ടാബ്ലെറ്റുകള്‍ ഉപയോഗിച്ചു.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ മെയ് 3ന് മാത്രം കൈറ്റിന്റെ റിസള്‍ട്ട് പോര്‍ട്ടലായ http://www.results.itschool.gov.in/ ന് ലഭിച്ചത് 2.13 കോടി ഹിറ്റുകളാണ്. ഫലമറിയാന്‍ 80 ശതമാനം പേര്‍ ആന്‍ഡ്രോയിഡും 13 ശതമാനം പേര്‍ വിന്‍ഡോസും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചു. 94.9 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണ് പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്. 4.6 ശതമാനം സന്ദര്‍ശകര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇതില്‍ത്തന്നെ രണ്ടു ശതമാനവുമായി യു.എ.ഇയാണ് മുന്നില്‍.

54 ശതമാനം പേരും ക്രോം ബ്രൗസര്‍ ഉപയോഗിച്ചപ്പോള്‍ 13.6 ശതമാനം പേര്‍ ആന്‍ഡ്രോയ്ഡ് വെബ്വ്യൂ ഉപയോഗിച്ചു. 12.5 ശതമാനവുമായി യു.സി ബ്രൗസര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഫയര്‍ഫോക്‌സ് 4 ശതമാനത്തില്‍ ഒതുങ്ങിയപ്പോള്‍ ഒരു കാലത്തെ പ്രിയങ്കര ബ്രൗസര്‍ ആയിരുന്ന മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌പ്ലോറര്‍ അര ശതമാനം പോലും പ്രയോജനപ്പെടുത്തിയിട്ടില്ല. പതിനഞ്ചു ലക്ഷത്തോളം പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്.

50,000 ത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത കൈറ്റിന്റെതന്നെ ‘സഫലം 2018’ മൊബൈല്‍ ആപ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ എഡ്യൂക്കേഷന്‍ മേഖലയിലെ ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഓരോ റിസല്‍ട്ടും ടെക്സ്റ്റ് രൂപത്തിലാക്കിയാണ് ക്ലൗഡില്‍ ലഭ്യമാക്കിയിരുന്നത്. ഇതുമൂലം പോര്‍ട്ടലിന്റെ റെസ്പോണ്‍സ് ടൈം രണ്ട് സെക്കന്റായി കുറഞ്ഞിരുന്നു.

ഹയര്‍സെക്കന്ററി ഫലവും ഇതേ പോര്‍ട്ടലിലും മൊബൈല്‍ ആപ്പും വഴി ലഭ്യമാകുമെന്നും പോര്‍ട്ടല്‍ മൊബൈലില്‍ എളുപ്പത്തില്‍ ലഭിക്കാന്‍ മൊബൈല്‍ വ്യൂ സംവിധാനം പുതുതായി ഏര്‍പ്പെടുത്തുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

chandrika: