X

എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടാവും

കൊച്ചി: കലാ കായിക മേളകളൊന്നും ഇല്ലാത്ത ഒരു അധ്യായന വര്‍ഷമാണ് കടന്നു പോയതെങ്കിലും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഇത്തവണയും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പരാതി ഉണ്ടാവരുതെന്ന നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുണ്ട്. എസ് സിഇആര്‍ടിഇയ്ക്കാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ചുമതല. തുറക്കാതിരുന്നതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്.

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ അവര്‍ ഒമ്പതാം ക്ലാസിലായിരുന്നപ്പോള്‍ മേളകളില്‍ കിട്ടിയ ഗ്രേഡുകളായിരിക്കും ഇങ്ങനെ വന്നാല്‍ കണക്കിലെടുക്കുക. അതുപോലെ ഇക്കൊല്ലത്തെ പ്ലസ്ടുക്കാരില്‍ അവര്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മേളകളില്‍ കിട്ടിയ ഗ്രേഡുകളും.

ദേശീയ തല മത്സരങ്ങളിലും ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകാര്‍ മികവ് കാട്ടിയിട്ടുണ്ടെങ്കില്‍ പരിഗണനയില്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മേളകള്‍ ഒഴിച്ചുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ പരീക്ഷിക്കാനാണ് സാധ്യത. എന്‍സിസി, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലീസ് തുടങ്ങിയവയില്‍ എല്ലാ കൊല്ലവും 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മിക്കവാറും ഉണ്ടാവാറില്ല. ഇവയില്‍ ഗ്രേസ് മാര്‍ക്ക് കിട്ടാനുള്ള നിബന്ധനകള്‍ ഒമ്പത്, 11 ക്ലാസുകളില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കാറാണ് പതിവ്.

ഇക്കൊല്ലം ഇവയില്‍ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ട്. എന്നാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ അത് അടിസ്ഥാനമാക്കി ഗ്രേസ് മാര്‍ക്ക് നിശ്ചയിച്ചാല്‍ പരാതി ഉണ്ടാവാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുക്കുന്നുണ്ട്.

 

Test User: