തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ മാറ്റരുതെന്നും ഏപ്രിലിലേക്കു മാറ്റുന്നത് അപ്രായോഗികമാണെന്നും അധ്യാപക സംഘടനയായ കെപിഎസ്ടിഎ. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യത കൂടുതലാണ്. പരീക്ഷാ ജോലിയുള്ള അധ്യാപകര്‍ക്ക് ഉള്‍പ്പെടെ രോഗ സാധ്യതയുണ്ട്. ബാലറ്റ് സൂക്ഷിക്കുന്ന സ്‌കൂളുകളില്‍ പരീക്ഷ നടത്താനാകില്ല. റമസാന്‍ വ്രതവും കടുത്ത ചൂടും കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ വെല്ലുവിളിയാകുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
പത്തോളം അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്താതെയാണ് പരീക്ഷ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതെന്നും ഇത് ക്യുഐപി യോഗ തീരുമാനത്തിനു വിരുദ്ധമാണെന്നും കെപിഎസ്ടിഎ ആരോപിച്ചു.