തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദേശം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഈസമയത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റിവെയ്‌ക്കേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
വിദ്യാര്‍ത്ഥികളും അധ്യാപകരും ത്രീലെയര്‍ മാസ്‌ക് ധരിക്കണം. പരീക്ഷാഹാളുകളില്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.