തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറുകളുടെ വലുപ്പം കൂടും. തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെയാണിത്. നിലവില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ഭാഷാവിഷയങ്ങള്‍ക്ക് നാല് ഷീറ്റില്‍ എട്ട് പുറം വരെ ഉള്ള ചോദ്യപേപ്പറുകളാണുള്ളത്. ഇത്തവണ അതില്‍ ഒതുക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ആകെ ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ക്ക് ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് എസ്‌സിഇആര്‍ടിയും കരിക്കുലം സബ്കമ്മിറ്റിയും ശുപാര്‍ശ ചെയ്തത്. അഞ്ച് ചോദ്യത്തിന് ഉത്തരമെഴുതണമെങ്കില്‍ 10 ചോദ്യങ്ങള്‍ നല്‍കും. കോവിഡ് സാഹചര്യത്തില്‍ ക്ലാസ് റൂം അധ്യയനം മുടങ്ങിയതിനാലാണ് ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ പകുതിയും പരീക്ഷക്ക് ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ഫലത്തില്‍ ഇത്തവണത്തെ എസ്എസ്എല്‍സി, പ്ലസ് ടു ചോദ്യപേപ്പറുകള്‍ ബുക്ക്‌ലെറ്റിന് സമാനമായിരിക്കും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഇത്തവണ ഇരട്ടിയിലധികം ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാന്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചോദ്യപേപ്പറിന്റെ വലുപ്പം നിയന്ത്രിക്കാനാകില്ലെന്ന് കണ്ടാണ് ഇരട്ടിചോദ്യം മതിയെന്ന് തീരുമാനിച്ചത്. പരീക്ഷയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ തീരുമാനിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശില്‍പശാല 28, 29 തീയതികളില്‍ എസ്‌സിഇആര്‍ടിയില്‍ നടക്കും. മാതൃകാ ചോദ്യപേപ്പറും ശില്‍പശാലയില്‍ തയാറാക്കും. 30നകം ഇതിന് അന്തിമരൂപം നല്‍കി ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളുടെ വിവരം 31ന് പ്രസിദ്ധീകരിക്കും.
ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷയുടെ ആരംഭത്തിലുള്ള സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പരീക്ഷ അഞ്ച് മിനിറ്റ് നേരത്തേ ആരംഭിക്കും. എസ്.എസ്.എല്‍.സി പരീക്ഷ 1.45ന് തുടങ്ങിയിരുന്നത് ഈ വര്‍ഷം 1.40ന് ആയിരിക്കും. വര്‍ധിപ്പിച്ച അഞ്ച് മിനിറ്റ് കൂടി ഉള്‍പ്പെടുത്തി 15 മിനിറ്റിന് പകരം 20 മിനിറ്റായിരിക്കും സമാശ്വാസസമയം. പ്ലസ് ടു പരീക്ഷയും 9.45ന് പകരം 9.40ന് തുടങ്ങും.