തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലവും ഇന്നലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാംതരം ഫലവും ഉന്നതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം പടിപടിയായി കുതിക്കുകയാണെന്ന വസ്തുതക്ക് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍കുട്ടികള്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്. പത്തില്‍ കഴിഞ്ഞവര്‍ഷം 96.69 ശതമാനം പേരാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 98.11 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2017ല്‍ 95.99ഉം അതിന് മുന്‍വര്‍ഷം 96.59 ഉം ആയിരുന്നു വിജയശതമാനം. 37334പേര്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി. പ്ലസ്ടുവിന്റെ കാര്യത്തിലും ഇതേ മുന്നേറ്റമാണ് കാണാനാകുന്നത്. 14000 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.. വരുംവര്‍ഷങ്ങളില്‍ നേരിടേണ്ടിവരുന്ന തൊഴില്‍രംഗത്തെ പരീക്ഷണങ്ങള്‍ക്ക് ഈ മുന്നേറ്റം മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരുമെന്ന് തന്നെയാണ് ഇത് തരുന്ന പ്രതീക്ഷ.
എസ്.എസ്.എല്‍.സിയില്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ ഇത്തവണയും ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലതന്നെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചിരിക്കുന്നത്. പ്ലസ്ടുവില്‍ വയനാടിനാണ് ഈ നേട്ടം. പത്തനംതിട്ട, പാലക്കാട് എന്നിവയാണ് ഏറ്റവുംപിറകില്‍ നില്‍ക്കുന്ന ജില്ലകള്‍. ഈ ജില്ലകളിലെ പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ ആധിക്യമാണ് ഇതിനൊരുകാരണം. മലപ്പുറംപോലെ മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ല നേടിയ വലിയ വിജയശതമാനത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്്ഥമായി അടുത്തകാലത്തായി കൂടുതല്‍ പെണ്‍കുട്ടികള്‍ പഠനത്തിന് സന്നദ്ധമാകുന്നു എന്നത് പ്രോല്‍സാഹകജനകമായ അനുഭവമാണ്. മുന്‍മുഖ്യമന്ത്രി സി.എച്ച് അടക്കമുള്ള മുസ്്‌ലിംലീഗിന്റെ മുന്‍ഗാമികള്‍ വിതച്ച സ്വപ്‌നങ്ങള്‍ പൂവണിയുകയാണ് ഇതിലൂടെയെന്നതില്‍ ഒരു നാടിനാകെ അഭിമാനിക്കാം. സി.ബി.എസ്.ഇയുടെ ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ പാലക്കാട്ടുകാരി ഡോക്ടറുടെ മകള്‍ഭാവനക്ക് ഒന്നാംറാങ്ക് ലഭിച്ചുവെന്നതും വലിയമുന്നേറ്റത്തിന്റെ സൂചകമാണ്.
അതേസമയം തന്നെയാണ് തോറ്റതും മാര്‍ക്ക് കുറഞ്ഞതുമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും പുലര്‍ത്തുന്ന അനാവശ്യമായ ഇടപെടലുകള്‍. വേറിട്ടതും അനഭിലഷണീയവുമായ ചില പ്രവണതകള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് അടുത്തകാലത്തായി ഉയര്‍ന്നുവരുന്നതിലൊന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളെ കുറിച്ചുള്ള അനാവശ്യമായ ആകുലതകളും അവരെ അനാവശ്യമായി പീഡിപ്പിക്കുന്ന പ്രവണതകളും. മാനസികമായി മാത്രമല്ല, ശാരീരികമായിക്കൂടി വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്ന രീതി അടുത്തകാലത്തായി പതിവിലുമധികം ഉയര്‍ന്നുകേള്‍ക്കുകയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സ്വന്തം പിതാവ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടാത്തതിന് ബാലനെ മണ്‍വെട്ടിയുടെ തായകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചുവെന്ന വാര്‍ത്ത മേല്‍പരാമര്‍ശി്ക്കപ്പെട്ട അഭിമാനത്തിനിടയിലും നമ്മുടെ മനസ്സുകളെ വേദനിപ്പിച്ച അരുതായ്മയാണ്. ഒന്‍പതില്‍ ആറ് വിഷയങ്ങള്‍ക്കും എപ്ലസ് ഉണ്ടായിട്ടും എല്ലാറ്റിനും ലഭിച്ചില്ലെന്നതാണ് ഈ ക്രൂരമര്‍ദനത്തിന് ഹേതു. കഴുത്തിനും കാലിനും കൈക്കും കാര്യമായ മുറിവേറ്റ കുട്ടി ഇപ്പോള്‍ ആസ്പത്രിയിലാണ്. മകനെക്കുറിച്ചുള്ള പ്രതീക്ഷയില്‍നിന്നായിരിക്കാം ഇത്തരമൊരു ക്രൂരശിക്ഷക്ക് പിതാവിനെ പ്രേരിപ്പിച്ചിരിക്കുക. എങ്കിലും കുട്ടികളെ ഇത്രയും ക്രൂരമായി ശിക്ഷിക്കുന്നത് എന്ത്ഗുണമാണ് ചെയ്യുക എന്ന് ഇത്തരം മാതാപിതാക്കള്‍ തിരിച്ചറിയണം. കുട്ടികള്‍ക്കിടയിലെ അനാവശ്യമായ നിരാശ മറികടക്കാനായാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റാങ്ക് സമ്പ്രദായം അവസാനിപ്പിക്കുകയും ഗ്രേഡ് സമ്പ്രദായത്തിലേക്ക് മാറുകയും ചെയ്തത്. ഇതും കുട്ടികള്‍ക്ക് ഉപദ്രവമാകുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെക്കാള്‍ മലയാളിരക്ഷിതാക്കളുടെ പൊങ്ങച്ചത്തെയാണ് തുറന്നുകാട്ടുന്നത്.
ലോകത്തെ മഹാന്മാരൊരാളും വിദ്യാഭ്യാസത്തില്‍ നൂറുശതമാനംമാര്‍ക്ക് നേടി പത്രത്താളുകളില്‍ ഇടം പിടിച്ചവരല്ലെന്ന വാസ്തവം കുട്ടികളോടൊപ്പം എല്ലാരക്ഷിതാക്കളും അറിഞ്ഞേതീരൂ. കുട്ടികളില്‍ അരുതാത്തതും അവര്‍ അര്‍ഹിക്കാത്തതുമായ മാനസികഭാരം അടിച്ചേല്‍പിക്കുകവഴി മറ്റുവിഷയങ്ങളില്‍ സ്വതവേയുള്ള അവരുടെ പ്രാവീണ്യത്തെകൂടി തകര്‍ക്കാനേ ഇത്തരം ശിക്ഷാമുറകള്‍ ഉപകരിക്കുകയുള്ളൂവെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം. സാധാരണക്കാരായ ഗ്രാമീണരില്‍ മാത്രമല്ല, ഉയര്‍ന്ന വിദ്യാഭ്യാസവും പ്രൊഫഷണലുകളുമായ രക്ഷിതാക്കള്‍ പോലും മക്കളെ അനാവശ്യമായ തങ്ങളുടെ ഇംഗിതത്തിനൊത്ത് പഠിക്കാനും വളരാനും നിര്‍ബന്ധിക്കുന്ന പ്രവണത സമൂഹത്തിന്റെ നാശത്തിനേ വഴിവെക്കൂ. പിഞ്ചുകുഞ്ഞിനെപോലും അതിക്രൂരമായി ശിക്ഷിച്ചതും ഒന്നരവയസ്സുകാരിയെ നൊന്തുപെറ്റ മാതാവുതന്നെ ശ്വാസംമുട്ടിച്ച് കൊന്നതുമെല്ലാം അടുത്തിടെ നാം വായിച്ച് വിമ്മിട്ടപ്പെട്ട വാര്‍ത്തകളാണ്. ഈ സാഹസം സ്വന്തം ശരീരത്തോടാകുമ്പോള്‍ ഇതേ പീഡകര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അവര്‍ സ്വയമൊന്ന് ആലോചിക്കണം.ഇക്കാര്യത്തില്‍ കൗണ്‍സലിംഗ് സംവിധാനങ്ങള്‍ പോരെന്നതിന്റെ സൂചനകള്‍ കൂടിയാണ് കിളിമാനൂര്‍ സംഭവം തെളിയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ മാനസികമായി പഠനത്തിന് പ്രാപ്തരാക്കുന്നതിനെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകളും ചിന്തകളും ഉണ്ടായതിന്റെ ഫലമാണ് സ്‌കൂള്‍ തലങ്ങളില്‍ ഇന്നുണ്ടായിട്ടുള്ള കൗണ്‍സലിംഗ് സംവിധാനങ്ങള്‍. എന്നാല്‍ രക്ഷിതാക്കളുടെ കാര്യത്തില്‍ ഇത് ഇന്നും ശൈശവദിശയിലോ തീര്‍ത്തും ഇല്ലാത്ത അവസ്ഥയിലോ ആണ്് എന്നത് വേരില്‍ വളംവെക്കുന്നതിനുപകരം മണ്ടയില്‍ വെക്കുന്ന ഫലമേ ചെയ്യൂ.
വിദ്യാഭ്യാസം, തിരുത്തല്‍ എന്നര്‍ത്ഥം വരുന്ന ശിക്ഷണം എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ശിക്ഷയുടെ ഉല്‍ഭവം.എന്നാല്‍ വിദ്യാഭ്യാസത്തില്‍ ക്രൂരമായ മര്‍ദനമുറകള്‍ സ്വീകരിക്കുന്നതിനെതിരെ പൊതുമനസ്സ് ഉയരുകതന്നെ വേണം. അതുമല്ലെങ്കില്‍ മതിയായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടുവരണം. എല്ലാവിധ വളവും സാഹചര്യവും നല്‍കിയതുകൊണ്ട് ഒരുവൃക്ഷം നല്ലഫലം തന്നേക്കാം. എന്നാല്‍ അമിതമായ വളമുറകള്‍ ചെയ്യുന്നതും തീര്‍ത്തും അത്് നല്‍കാതിരിക്കുന്നതും വൃക്ഷത്തിന്റെ നാശത്തിനേ ഉപകരിക്കൂ..
- 6 years ago
web desk 1
Categories:
Video Stories