അഷ്‌റഫ് ആളത്ത്
ദമ്മാം ;സഊദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യർത്ഥികൾ മരണപ്പെട്ടു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശികളായ ഹസൻ റിയാസ് (16 ) ഇബ്രാഹീം അസർ (14)എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അമ്മാർ അസർ (13 ) അതീവ ഗുരുതരാവസ്ഥയിൽ ദമ്മാം മെഡിക്കൽ ടവർ ആസ്പത്രിയിൽ കഴിയുകയാണ്.
ഈ കുട്ടിയുടെ സഹോദരനാണ് മരണപ്പെട്ട ഇബ്രാഹീം. ചൊവ്വാഴ്ച വൈകുന്നേരം ദമ്മാം ഗവർണ്ണറേറ്റിന് സമീപമായിരുന്നു അപകടം.
അപകടത്തിൽ പെട്ട മൂന്ന് പേരും ഒരേ വാഹനത്തിൽ യാത്ര ചെയ്തിരുന്നവരാണ്. അമിത വേഗത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൻറെ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് ഈന്തപ്പനയിൽ ഇടിച്ചു കയറുകയായിരുന്നു. ദമ്മാമിൽ പ്രവാസികളായ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നഇവർ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യർത്ഥികളാണ്.
ഹസൻ പതിനൊന്നാം ക്ലാസിലും ഇബ്രാഹീം ഒമ്പതിലും അമ്മാർ എട്ടാം തരത്തിലുമാണ് പഠിച്ചിരുന്നത്.
ആരാണ് വാഹനം ഓടിച്ചിരുന്നതെന്നോ ആരുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്നോ അറിവായിട്ടില്ല.
മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ ടവർ മോർച്ചറിയിലാണ് ഉള്ളത്.
വിദ്യർത്ഥികളുടെ ആകസ്മിക നിര്യാണത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹ്‌നാസ് ഫാരിദ് അനുശോചനം അറിയിച്ചു.
മരണപ്പെട്ട കുട്ടികളുടെ കുടുമ്പത്തിൻറെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഇന്ത്യൻ സ്‌കൂളിന് ബുധനാഴ്ച അവധിയായിരിക്കുമെന്നും അവർ അറിയിച്ചു.