നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് ഉപ പ്രതിപക്ഷ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി .ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സര്‍ക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാമിനെപ്പോലുള്ളൊരാള്‍ ഒരു കൊലപാതകക്കേസില്‍ ആരോപണ വിധേയനാണ്. അതും ഒരു മാധ്യമപ്രവര്‍ത്തകനെ പാതിരാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സര്‍ക്കാര്‍ മനോഭാവം ഭരണകൂട ധാര്‍ഷ്ട്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നടന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്ലിം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.