X

ശ്രീനിവാസന്റെ കൊലപാതകം; നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാലു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍റഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമര്‍, അബ്ദുള്‍ഖാദര്‍ എന്നി പ്രതികളെയാണ് തിരിച്ചറിഞ്ഞത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍റഹ്മാന്റെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വല്ലപ്പുഴ കടന്നതായും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സഞ്ചരിച്ചത് ഉമറും ഫിറോസുമാണ്. അക്രമിസംഘം വന്നതില്‍ ഒന്ന് ആക്ടീവ് സ്‌കൂട്ടറാണ്. ഇതില്‍ വന്നത് അബ്ദുള്‍ഖാദറാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഈ ആക്ടീവ് നഗരം വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. അബ്ദുള്‍ഖാദര്‍ മുമ്പ് ഹേമാംബിക നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കൊലയാളിസംഘം നഗരം വിട്ടില്ലെന്നാണ് സൂചനയെങ്കിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി 83 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഇവരില്‍ നിന്ന് 25 മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ പിടിച്ചെടുത്തത്. ഇത് സൈബര്‍ സെല്ലിന് കൈമാറി. 16-ാം തീയതി ഉച്ചക്ക് ഒരുമണിയോടെയാണ് മേലാമുറിയില്‍ സ്വന്തം കടയിലിരിക്കുന്നതിനിടെ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന്റെ പ്രതികളെ തെളിവെടുപ്പിന് ശേഷം പാലക്കാട് ജൂഡീഷ്യല്‍ മജിസ്ട്രറേറ്റ് കോടതി റിമാന്റ്് ചെയ്തു. പ്രതികളെ ചിറ്റൂര്‍ സബ് ജയിലിലേക്ക് അയച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്തതലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഘര്‍ഷാവസ്ഥ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.

Chandrika Web: