X
    Categories: MoreViews

ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: വെടിവെപ്പില്‍ എട്ടു മരണം; പോളിങ് 6.5 ശതമാനം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ എട്ടു പേര്‍ മരിച്ചു. വെടിവെപ്പിലും സംഘര്‍ഷങ്ങളിലുമായി 36പേര്‍ക്ക് പരിക്കേറ്റു.

6.5 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്. നൂറോളം ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശന്തനു വ്യക്തമാക്കി.

ജന്‍ഡര്‍ബാള്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷക്കായി വിന്യസിച്ച സൈനികര്‍ നടത്തിയ വെടിവെപ്പില്‍ മുഹമ്മദ് അബ്ബാസ് (20), ഫൈസാന്‍ അഹമ്മദ് റത്തര്‍ (15) എന്നിവരാണ് മരിച്ചത്. ബീര്‍വ മേഖലയിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ നിസാര്‍ അഹമ്മദ് എന്നയാളും കൊല്ലപ്പെട്ടു. ബഡ്ഗാം ജില്ലയിലെ ചഡൂര നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ദൗലത്പുരയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് നാലാമന്‍ കൊല്ലപ്പെട്ടത്. ശബീര്‍ അഹമ്മദ് എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച അഞ്ചാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ചഡൂര മേഖലയിലെ രണ്ട് പോളിങ് ബൂത്തിലേക്ക് ഒരുകൂട്ടമാളുകള്‍ പ്രതിഷേധവുമായെത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ബൂത്തിനു മുന്നില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതോടെ അര്‍ധസൈനിക വിഭാഗത്തിന്റെയും അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്)യുടെയും സഹായം തേടി. ശ്രീനഗര്‍, ജന്‍ഡര്‍ബാള്‍, ബഡ്ഗാം ജില്ലകളിലായി രണ്ടു ഡസനിലധികം ബൂത്തുകളില്‍ സംഘര്‍ഷമുണ്ടായതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷം പോളിങിനെയും ബാധിച്ചു. 12.61 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഉച്ചക്ക് രണ്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 5.2 ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.

chandrika: