X

ലങ്ക പിടിമുറുക്കുന്നു: മാത്യൂസിനും തിരുമനെക്കും അര്‍ധ സെഞ്ച്വറി

കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്ക ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ആറുവിക്കറ്റ് കൈലിരിക്കെ വെറും ഏഴു റണ്‍സിന് പിന്നിലാണ് ലങ്ക. വെളിച്ച കുറവുമൂലം മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ 13 റണ്‍സുമായി നായകന്‍ ദിനേശ് ചണ്ഡിമലും വിക്കറ്റ്‌ കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല(14)യുമാണ് ക്രീസില്‍. സ്‌കോര്‍ ഇന്ത്യ- 172/10 (ചേതേശ്വര്‍ പുജാര 52, സുരങ്ക ലക്മല്‍ 4/26),  ശ്രീലങ്ക നാലിന് 165 (ആന്‍ജലോ മാത്യൂസ് 52, ലഹിരു തിരുമനെ 51, ഭുവനേശ്വര്‍ കുമാര്‍ 2/49).

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ ലഹിരു തിരുമനെ(51)യും ആന്‍ജലോ മാത്യൂസും(52) അര്‍ദ്ധ ശതകം നേടി ലങ്കന്‍ ഇന്നിങസിനു അടിത്തറപാകി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഉമേഷ് യാദവാണ് ക്രിസീല്‍ നിലയുറപ്പിച്ച ഇരുവരേയും പുറത്താക്കി  ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നത്. ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് സ്വന്തമാക്കി.

രണ്ടു ദിവസം ബാക്കി നില്‍ക്കെ നാളെ പരമാവധി ലീഡ് നേടി ഇന്ത്യയെ വീണ്ടും ബാറ്റിങിന് അയക്കാനാകും ലങ്കയുടെ ശ്രമം. 17 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ച ലങ്കക്ക് ആദ്യ വിജയം കൈക്കാലാക്കുനുള്ള സുവര്‍ണാവസരമാണ് ഈഡനില്‍  ലഭിച്ചിരിക്കുന്നത്. മഴ വീണ്ടുമെത്തി വില്ലനാകുമോയെന്ന ആശങ്കയും ലങ്കന്‍ ക്യാമ്പിനുണ്ട്.

കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരങ്ക ലക്മലിന്റെ ബൗളിങ് നേതൃത്വത്തില്‍ 172 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു ലങ്ക. ചേതേശ്വര്‍ പുജാര(52) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റിങ് നിര ബൗളര്‍മാരെ നേരിടുന്നതില്‍ പരാജയമായി. നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ആറു കളിക്കാര്‍ക്ക് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ഒരു ഘട്ടത്തില്‍ ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമന്‍ സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്‍ ചേര്‍ത്ത 58 റണ്‍സിന്റെ കൂട്ടുകെട്ടാണ്   നൂറുകടത്തിയത്. അവസാനംമുഹമ്മദ് ഷെമി 24 റണ്‍സുമായി ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്‍ ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കക്കു വേണ്ടി 26 റണ്‍സ് വിട്ടുകൊടുത്ത് ലക്മല്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജ്, ദസുണ്‍ ശനങ്ക, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. 2005ല്‍,ചെന്നെയില്‍ നേടിയ 167യാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍

chandrika: