X

ശ്രീലങ്ക സ്‌ഫോടനം: കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കള്‍ കൊല്ലപ്പെട്ടു, അഞ്ചുപേരെ കാണാതായി

കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കളും. അഞ്ചു നേതാക്കളെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടാതെ അഞ്ചു ഇന്ത്യക്കാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദയാത്രക്കായി പോയതായിരുന്നു ജെ.ഡി.എസ് നേതാക്കള്‍. ഇതോടെ ശ്രീലങ്കയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 കടന്നു.

കൊളംബോയിലെ ഷംഗ്രിലാ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശിവണ്ണ, പുട്ടരാജു, മുനിയപ്പ, ലക്ഷ്മി നാരായണ, മാരെഗൗഡ എന്നിവരെയാണ് കാണാതായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധിയാഘോഷിക്കാന്‍ പോയതായിരുന്നു നേതാക്കള്‍. നെലമംഗല,ഹുട്ടനഹള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായിട്ടുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കക്കാടിയുടെ ഭാര്യ പി.എസ് റസീനയുടെ ഖബറടക്കം ശ്രീലങ്കയില്‍ തന്നെ നടത്തുമെന്നാണ് വിവരം. പത്തുദിവസം മുമ്പാണ് ഭര്‍ത്താവ് ഖാദറിനൊപ്പം റസീന ശ്രീലങ്കയിലേക്ക് പോയത്. ഇവരുടെ സഹോദരന്‍ ബഷീര്‍ ശ്രീലങ്കയില്‍ ബിസിനസുകാരനാണ്. ബഷീറിനടുക്കലേക്കാണ് ഇവര്‍ പോയത്. പിന്നീട് ഭര്‍ത്താവ് ഖാദര്‍ ദുബൈയിലേക്ക് പോയിരുന്നു. റസീന കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലില്‍ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങുന്നതിനിടയിലാണ് സ്‌ഫോടനം. ഉച്ചയോടെ സഹോദരന്‍ ബഷീര്‍ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭര്‍ത്താവിനോടെപ്പം ഇടയ്ക്കിടെ ദുബൈയിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു പി.എസ് അബ്ദുല്ലയുടെ മകള്‍ റസീന. ഇവരുടെ മക്കളായ ഖാന്‍ഫറും ഫറയും അമേരിക്കയിലാണ്.

chandrika: