X

വ്യക്തി വിവരങ്ങള്‍, ഡാറ്റാ സംരക്ഷണം:കേന്ദ്രത്തിന് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണം സംബന്ധിച്ച ചട്ടക്കൂട് നിര്‍മിക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഡാറ്റ പ്രോസസ് ചെയ്യുന്നവരുടെ കടമകള്‍, മാര്‍ഗ നിര്‍ദേശം തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്നിവ സംബന്ധിച്ചാണ് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

വ്യക്തി വിവരങ്ങള്‍, ഡാറ്റകള്‍ ശേഖരിക്കുന്നതിനുള്ള നിയന്ത്രണം, വ്യക്തികളുടെ അവകാശം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കാന്‍ ആധാര്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നുണ്ട്. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും, ദുരുപയോഗം ചെയ്യുന്നവര്‍ക്കും അനാവശ്യമായി ആധാര്‍ ആവശ്യപ്പെടുന്ന കമ്പനികള്‍ക്കും എതിരെ നടപടി എടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥ വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഇന്ത്യന്‍ ഡാറ്റ സംരക്ഷണ നിയമം ആഗോള തലത്തില്‍ മാതൃകയാക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മന്ത്രിതല സമതിയുടേയും കാബിനറ്റിന്റേയും, പാര്‍ലമെന്റിന്റേയും അനുമതി റിപ്പോര്‍ട്ടിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തികളുടെ സ്വകാര്യത പരമ പ്രധാനമാണെന്നും അതിനാല്‍ ഡാറ്റകള്‍ സംരക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും എടുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കൊണ്ട് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

പൗരന്‍മാര്‍, രാജ്യം, വ്യവസായം എന്നീ മൂന്നു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യ മാറുകയാണ് അതിനാല്‍ തന്നെ റിപ്പോര്‍ട്ട് ആദ്യ പടിയാണ്. സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ജൂലൈയിലാണ് ഡാറ്റാ സംരക്ഷണം സംബന്ധിച്ച ചട്ടക്കൂട് നിര്‍മിക്കുന്നതിനായി 10 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

chandrika: