X

നടി ശ്രീദേവി അന്തരിച്ചു

ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം.
54 വയസ്സായിരുന്നു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും ഒരു മകളും അടുത്തുണ്ടായിരുന്നു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ അഭിഭാഷകനായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13നാണ് ജനനം. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ചലച്ചിത്രം അരങ്ങേറ്റം. പൂമ്പാറ്റയിലൂടെ മലയാളത്തിലും ബാലതാരമായെത്തിയ ശ്രീദേവിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

1976ല്‍ പതിമൂന്നാം വയസ്സില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. പിന്നീടങ്ങോട്ട് തിരക്കേറിയ നായികയായി. പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, തുടങ്ങിയവ ശ്രീദേവിയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു. സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

തമിഴും തെലുങ്ക് മലയാളവും കന്നഡയുമെല്ലാം കടന്ന് 1979ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവനിലൂടെ ബോളിവുഡിലും അരങ്ങേറി. 83ല്‍ പുറത്തിറങ്ങിയ ഹിമ്മത് വാല ബോക്‌സ് ഓഫീസ് ഹിറ്റായതോടെ ബോളിവുഡിലെയും ശ്രീയായി. 90കളില്‍ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്ത് നിന്ന് താല്‍കാലിക ഇടവേളയെടുത്ത ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ഉദ്ദേശിച്ച സീറോയാണ് അവസാന ചിത്രം. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.

chandrika: