നോബല്‍ സമ്മാനം നേടിയ മലാല യൂസുഫ് സായിക്കെതിരെ വിമര്‍ശനവുമായി ശ്രീ ശ്രീ രവിശങ്കര്‍. നോബല്‍ സമ്മാനം നേടാനായി മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമര്‍ശനം. തനിക്ക് നോബല്‍ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്നും രവിശങ്കര്‍ പറഞ്ഞു. ലത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കെവെയായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.
എനിക്ക് നേരത്തെ നോബല്‍ സമ്മാനം തരാമെന്ന് പറഞ്ഞിരുന്നെങ്കിലും താനത് നിരസിക്കുകയായിരുന്നു. ജോലി ചെയ്യുന്നതില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും ജോലിയുടെ പേരില്‍ എന്നെ ആദരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും രവിശങ്കര്‍ പറഞ്ഞു.
അര്‍ഹര്‍ക്ക് മാത്രമേ നോബല്‍ സമ്മാനം നല്‍കാന്‍ പാടുള്ളൂ. മലാല യൂസുഫ് സായി ഒരിക്കലും നോബലിന് അര്‍ഹതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തിയ മലാല സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് തീവ്രവാദികളുടെ ആക്രമണത്തിനിരയായിരുന്നു മലാല യൂസുഫ് സായി. വാര്‍ത്താ പ്രാധാന്യം നേടിയതോടെ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്റെ പ്രതീകമായി മാറി. പിന്നീട് നോബല്‍ പുരസ്‌കാരം കൂടി മലാലയെത്തേടിയെത്തിയതോടെ നോബല്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല യൂസുഫ് സായി.