രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 500 രൂപാ നോട്ടുകളില്‍ മഹാത്മാ ഗാന്ധിക്കു പകരം ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രം കൊണ്ടുവരുമെന്ന് സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നുവെന്നാണു വാദം.
പുതിയ 500 രൂപാ നോട്ടുകളുടെ മാതൃകകള്‍ എന്ന പേരില്‍ ഗാന്ധിയുടെ സ്ഥാനത്ത് ശ്രീരാമന്റെ ചിത്രമടങ്ങിയ കറന്‍സികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രവും കണ്ണടയ്ക്കു പകരം അമ്പും വില്ലും കറന്‍സികളില്‍ ഇടംപിടിച്ചിട്ടുണ്ട്. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ടാ ചടങ്ങ് നടക്കുന്ന ജനുവരി 22നു പുതിയ നോട്ടുകള്‍ പുറത്തുവിടുമെന്നാണ് സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ വാദിക്കുന്നത്.
എന്നാല്‍, പ്രചാരണം തെറ്റാണെന്ന് ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസും ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നും ഇത്തരത്തിലൊരു നീക്കവും ഇപ്പോള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
രഘുമൂര്‍ത്തി 07 എന്ന എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. രാമഭക്തനായ ഗാന്ധിക്കും ഇതേ ആവശ്യമായിരിക്കും ഉണ്ടായിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് സ്വന്തമായി എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്.
എഡിറ്റ് ചെയ്ത ചിത്രം കൈയില്‍നിന്നു പോയതോടെ രഘു മൂര്‍ത്തിയുടെ ഹാന്‍ഡിലില്‍ വിശദീകരണവും വന്നിട്ടുണ്ട്. തന്റെയൊരു സര്‍ഗാത്മകമായൊരു സൃഷ്ടി വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി ആരോ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
എന്റെ സൃഷ്ടിയുമായി ചേര്‍ത്തുവച്ചു പ്രചരിപ്പിക്കുന്ന വ്യാജവിവരങ്ങളെ പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. തന്റെ സര്‍ഗാത്മകതയെ മറ്റൊരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടരുതെന്നും രഘുമൂര്‍ത്തി വ്യക്തമാക്കി.
അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടി നേതാക്കളും സമാനമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.