രണ്ടര കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍, ഗ്യാസ്, പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങി ആവശ്യവസ്തുക്കള്‍ പോലും കിട്ടാക്കനിയാണ്. സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ട ശ്രീലങ്കയുടെ ദയനീയാവസ്ഥ ഇന്ത്യയടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ക്ക് പാഠമാണ്.
1948ല്‍ സ്വതന്ത്രമായ രാജ്യത്ത് ആഭ്യന്തര കലാപവും വര്‍ഗീയതയും സ്ഥിരം കാഴ്ചയായിരുന്നു. തമിഴ് പുലികളും സിംഹളരും തമ്മിലെ തമ്മിലടികള്‍ കെട്ടടങ്ങിയത് 2009ലായിരുന്നു. ഇതോടെ പരസ്പരം പഴിചുമത്തിയുള്ള വര്‍ഗീയ വിക്രേന്ദീകരണം അവസാനിപ്പിക്കാനായെങ്കിലും പിന്നീടുള്ള കാലം രാജ്യത്തിന് ശനിദശയായിരുന്നു. രാജപക്‌സ വാഴ്ചക്കാലത്തെല്ലാം അമേരിക്കയോട് പിണങ്ങിയും ചൈനയോട് ഇണങ്ങിയുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
റനില്‍ വിക്രമസിംഗ പ്രധാനമന്ത്രിയായിരുന്നപ്പോഴെല്ലാം പുലര്‍ത്തിപ്പോന്നിരുന്ന നയതന്ത്ര ബന്ധത്തില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രാജപക്‌സ പുതിയ നയതന്ത്ര ബന്ധങ്ങള്‍ സൃഷ്ട്ടിച്ചെടുത്തത്. ബില്യണ്‍ ഡോളറുകള്‍ കൊടുത്ത്വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ അകമഴിഞ്ഞ് സഹായിച്ച ചൈനയുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാതെയാണ് ശ്രീലങ്ക കടക്കെണിയില്‍പെട്ടത്. തലയില്‍ കയറ്റിവെച്ച കടപ്പെരുപ്പം അടച്ചുതീര്‍ക്കും വരെ ചൈനയുടെ ‘കടക്കെണി നയതന്ത്രത്തിന്റെ’ ഭാഗമായിരിക്കും ഇനി ശ്രീലങ്ക. ഇന്തോ-പസഫിക് മേഖലയിലെ തങ്ങളുടെ അപ്രമാധിത്വത്തിന് ഭീഷണിയാകാന്‍ ഒരാളെയും അനുവദിക്കാതിരിക്കുക എന്ന താണ് ചൈനയുടെ ലക്ഷ്യം. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ ഇതിന്ഭംഗം വരുത്തുമെന്നും അതിന് തടയിടാന്‍ ഇവിടെയുള്ള ചെറുകിട രാജ്യങ്ങളെ കൂട്ടുപിടിക്കണമെന്നും ചൈനക്ക് നന്നായറിയാം. മൗലികമായി ശ്രീലങ്കയിലെ ഇപ്പോഴത്തെ സാമ്പത്തിക ക്ഷാമത്തിന്പിറകില്‍ രാജപക്‌സ ഭരണകൂടമാണെങ്കിലും നിരവധി കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. വിദേശ നാണയ ശേഖരം കുറഞ്ഞതും പണപ്പെരുപ്പം വര്‍ധിച്ചതുമാണ് പ്രധാന കാരണം. മുപ്പത് ശതമാനത്തോളം പണപ്പെരുപ്പം രേഖപ്പെടുത്തിയ രാജ്യത്ത്ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാല്‍പത്ശതമാനത്തിലധികം പണപ്പെരുപ്പം രേഖപ്പെടുത്തുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അറുപത്തിയാറ്ശതമാനമാണ് ഭക്ഷ്യവസ്തുക്കളില്‍ മാത്രം വില വര്‍ധനവുണ്ടായത്. ശ്രീലങ്കയുടെ കരുതല്‍ ശേഖരം അന്‍പത് മില്യണ്‍ ഡോളറിനും താഴെയാണ്.
രണ്ടായിരത്തി ഒമ്പതില്‍ തമിഴ് ജനതയെ അടിച്ചൊതുക്കിയതോടെ ഈ സമൂഹത്തെ രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാക്കാനോ മുഖ്യധാരയിലേക്ക് കൊണ്ടുവരാനോ അനുവദിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ തൊണ്ണൂറ് ശതമാനം മുസ്‌ലിംകള്‍ക്കെതിരെയും ഉറഞ്ഞുതുള്ളാനാണ് ഭരണകൂടവും ഭൂരിപക്ഷ രാഷ്ട്രീയ ബോധവും ശ്രമിച്ചുവന്നത്. രണ്ടായിരത്തിപതൊമ്പതിലെ ഈസ്റ്റര്‍ ദിന അക്രമങ്ങള്‍ ശ്രീലങ്കയെ ആഗോളതലത്തില്‍ തന്നെ ഇകഴ്ത്തിക്കാണിച്ചു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യംവെച്ച് തീവ്ര സിംഹള ദേശീയതയെ പ്രോത്സാഹിപ്പിച്ച ശ്രീലങ്കക്ക് മതേതര ഭാവം തന്നെ നഷ്ട്ടപ്പെട്ടു. വിദേശ നാണ്യ ശേഖരമാണ് ഒരു രാജ്യത്തിന്റെ സാമ്പത്തികം നിയന്ത്രിക്കുന്നത്. ശ്രീലങ്കക്ക് വിദേശ നാണയം നല്‍കിയിരുന്ന ടൂറിസം മേഖലയും കോവിഡിന്റെ വരവോടെ നിലംപൊത്തി. ജി.ഡി.പിയുടെ പത്ത് ശതമാനം ടൂറിസത്തില്‍നിന്ന് സമ്പാദിക്കുന്നൊരു രാജ്യത്ത് വിദേശികളുടെ വരവില്ലാതായതോടെ അന്നംമുട്ടിയ പ്രതീതിയായി. ഈസ്റ്റര്‍ ദിന ഭീകരാക്രമണം ശ്രീലങ്കയിലേക്കുള്ള വിദേശികളുടെ വരവ് നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ മുഖംമൂടി കൂട്ടിന് വന്നതോടെ വിദേശികര്‍ പോലും ശ്രീലങ്കയെ വെറുക്കുന്ന മട്ടായെന്ന് ചുരുക്കം.
ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ ഗതി താളംതെറ്റി. വ്യവസായം, വൈദ്യുതി എന്നീ മേഖലകളെയും ജനജീവിതത്തെതന്നെയും ദുസ്സഹമാക്കുന്നതായിരുന്നു ഇന്ധന ലഭ്യതയിലെ കുറവ്. കറന്റുല്‍പാദനം ചില മണിക്കൂറുകളില്‍ മാത്രം ചുരുങ്ങി. പെട്രോള്‍ പമ്പുകളിലും ബാങ്കുകള്‍ക്ക് മുന്നിലും കിലോമീറ്ററുകള്‍ നീണ്ട ക്യൂ പ്രതൃക്ഷപ്പെട്ടു. വാരിക്കുഴിയില്‍ നിന്ന് എണീറ്റ് നടക്കാന്‍ അറ്റകൈ പ്രയോഗം നടത്തിയിട്ടും രക്ഷയില്ല എന്നായപ്പോഴാണ് ഭരണ-പ്രതിപക്ഷ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതും സര്‍ക്കാറിനെതിരെ ജനരോഷം ഇളകിപ്പുറപ്പെടുന്നതും. കാലങ്ങളായി രാസവളമുപയോഗിച്ച് കൃഷി നടത്തിയിരുന്ന രാജ്യത്ത് ഒരു സുപ്രഭാതത്തില്‍ ഇനിമുതല്‍ ജൈവ വളം മാത്രമേ ഉപയോഗിക്കാവൂ എന്ന മഹീന്ദ രാജപക്‌സയുടെ പ്രഖ്യാപനം കുറച്ചൊന്നുമല്ല പൊതുജനങ്ങളെ നട്ടംതിരിച്ചത്. ഘട്ടംഘട്ടമായി രാസവളത്തില്‍നിന്നും ജൈവ വളത്തിലേക്ക് കൃഷിയുടെ ഗതി മാറ്റുന്നതിന്പകരം ധൃതിപിടിച്ച് തീരുമാനമാനമെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഹേതുവായത്. പിന്നീടങ്ങോട്ട് അഞ്ച് തവണയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കേണ്ടിവന്നത്. ഒടുവിലാണ് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സക്ക് രാജിവെക്കേണ്ടിവന്നതും തെരുവിലിറങ്ങിയ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് തീ കൊളുത്തിയതും. ഇളകിപുറപ്പെട്ട ജനക്കൂട്ടത്തിന് നേരെ നിറയൊഴിച്ച മന്ത്രിസഭാംഗത്തിന് സ്വന്തം ജീവന്‍ പോലും രക്ഷിക്കാനായില്ല. മദമിളകിയ ജനക്കൂട്ടം മ്രന്തി പുംഗവരേയും കൊലക്ക് കൊടുത്തു. നില്‍ക്കകള്ളിയില്ലാതെ വന്നപ്പോഴാണ് ഭരണപക്ഷത്തിന് പടിയിറങ്ങേണ്ടിവന്നതും വിക്രമ സിംഗയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതും. ഭരണമാറ്റവും ജനരോഷവുമൊന്നും ശ്രീലങ്കയുടെ ഭാവി സുനിശ്ചിതമാക്കുന്നതില്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.