കൊളംബോ: 2012 നവംബറില്‍ കൊളംബോയിലെ വെലിക്കട ജയിലില്‍, വധശിക്ഷാ രീതിയില്‍ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ ശ്രീലങ്കയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു. കൊളംബോ ഹൈക്കോടതി ബുധനാഴ്ച ജയില്‍ കമ്മീഷണര്‍ എമില്‍ ലമാഹെവഗെ കുറ്റക്കാരനാണെന്ന് വിധിക്കുകയും കൊലപാതകങ്ങളില്‍ സഹപ്രതിയായ പൊലീസ് കമാന്‍ഡോ മോസസ് രംഗജീവയെ വെറുതെവിടുകയും ചെയ്തു. 2019 ജൂലൈയില്‍ ആണ് കൊലപാതകങ്ങള്‍ക്ക് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയത്.
ആകെ 27 പേര്‍ വെടിയേറ്റ് മരിച്ചെങ്കിലും എട്ട് പേര്‍ക്കെതിരെ മാത്രമാണ് തെളിവുകള്‍ ശേഖരിച്ചത്. കോടതി രേഖകള്‍ പ്രകാരം ഇരകള്‍ ജയില്‍ ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെന്ന് വരുത്താന്‍ വേണ്ടി ആയുധങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ ഈ കൂട്ടക്കൊല അപലപിക്കപ്പെട്ടിരുന്നു.