X

തീവ്രദേശീയത പഠിക്കേണ്ട ശ്രീലങ്കന്‍ പാഠം-കെ.പി ജലീല്‍

ഞാന്‍ അഥവാ അഹം എന്നത് ആത്മവിശ്വാസമാണ്. ഓരോ ജീവിവര്‍ഗത്തിന്റെയും ഭൂമിയിലെ നിലനില്‍പുമായി ബന്ധപ്പെട്ടതാണത്. അനുയോജ്യന്റെ അതിജീവനം എന്നതിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഇതേ അഹം തന്‍കാര്യത്തിലേക്ക് മാത്രമായി ചുരുങ്ങുകയും മറ്റുള്ളവരെയും മറ്റുള്ളവയെയും ഹനിക്കുകയും ചെയ്യുന്നതിനെയാണ് അഹംഭാവം എന്നും അഹങ്കാരമെന്നുമൊക്കെ പറയുന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വംശത്തിന്റെയും വിശ്വാസത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും കാര്യത്തിലും ഇത് ശരിയാണ്.

നിങ്ങള്‍ക്ക് തന്റെ വിശ്വാസത്തെയും വിഭാഗത്തെയും രാഷ്ട്രത്തെയുമെല്ലാം ചൊല്ലി സ്വയം അഭിമാനിക്കാം. ഇതിനെയാണ് അഭിമാനം, ദേശാഭിമാനം എന്നൊക്കെ പറയുന്നത്. എന്നാല്‍ തന്റെ വംശവും മതവും രാഷ്ട്രവും മാത്രമേ ശരിയെന്നും അത് മാത്രമേ നിലനില്‍ക്കേണ്ടതുള്ളൂ എന്നും കരുതുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും തികച്ചും അബദ്ധജടിലവും താന്തോന്നിത്തവുമാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടെയും നിരാസമാണത്. ദേശീയതയുടെ വക്താവായ സ്വാമി വിവേകാന്ദന്‍പോലും പരിധിവിട്ടുള്ള ദേശാഭിമാനത്തെ വെറുക്കുകയും അരുതെന്ന് വിലക്കുകയുംചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് 1893ല്‍ അദ്ദേഹം അമേരിക്കയിലെ ചിക്കാഗോ സര്‍വമതസമ്മേളനത്തില്‍ ലോകത്തെ സകല മനുഷ്യരെയും നോക്കി ‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ’ എന്ന് അഭിസംബോധനചെയ്തതും അതൊരു ആശയക്കൊടുങ്കാറ്റായി പാശ്ചാത്യലോകത്ത് അലയടിച്ചതും. ഗാന്ധിജി പറഞ്ഞു: ജനാധിപത്യമെന്നത് 49 ശതമാനം ന്യൂനപക്ഷത്തിന്റെമേലുള്ള 51 ശതമാനം പേരുടെ അടിച്ചേല്‍പിക്കലല്ല. അതിനെ ഹൃദയശൂന്യമായ ആശയമെന്നും മാനിവകതയുടെ നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ഞാന്‍ പറയും. മേലുദ്ധരിച്ച രണ്ടുതരം ചിന്തകളുടെയും അനവധി പതിപ്പുകള്‍ ലോക ചരിത്രത്തിലുടനീളം കാണാനാവും. മുസ്സോളിനിയുടെ ഫാസിസവും ഹിറ്റ്‌ലറുടെ നാഷണല്‍ സോഷ്യലിസം എന്ന ഓമനപ്പേരിലുള്ള നാസിസവും ഇവക്കുദാഹരണങ്ങളാണ്. മനുഷ്യന്‍ ഭൗതികമായി പുരോഗതിയുടെ പടവുകള്‍ കയറിപ്പോകുമ്പോഴും ലോകത്തിന്റെ പലഭാഗത്തും ഇത്തരം തീവ്രചിന്താഗതികള്‍ മനുഷ്യമനസ്സുകളില്‍ വിഷക്കൊടുങ്കാറ്റായി പടരുന്നു.

അതിലൊന്നാണ് ഇന്ത്യയിലിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന തീവ്രദേശീയതയുടെ സങ്കുചിത ഹിന്ദുത്വം. തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സമീപകാലത്തായി ആരംഭിച്ച പൗരന്മാരുടെ പ്രക്ഷോഭങ്ങളും കുടുംബാധിപത്യത്തിനെതിരായ പ്രതിഷേധങ്ങളും പ്രധാനമന്ത്രിയുടെ രാജിയുമൊക്കെ തെളിയിക്കുന്നത് തീവ്രദേശീയതക്ക് അധികകാലമൊന്നും പിടിച്ചുനില്‍ക്കാനാകില്ലെന്ന ആ ചരിത്ര സത്യമാണ്. ഹിറ്റ്‌ലര്‍ക്ക് സ്വയംവെടിവെച്ച് മരിക്കാനാണ് ഇടവന്നതെങ്കില്‍ മുസ്സോളിനിയെയും ഭാര്യയെയും വിളക്കുകാലില്‍ കെട്ടിത്തൂക്കിയാണ് അതത് ജനതകള്‍ പ്രതികാരംതീര്‍ത്തത്. ഏതാണ്ടിതേ അവസ്ഥ ലങ്കയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

രാജപക്‌സ കുടുംബത്തിലെ ഗോട്ടബായയും മഹീന്ദയും ചേര്‍ന്ന് ഉന്നത തസ്തികളില്‍ ഭരണം നടത്തുന്ന രാജ്യത്ത് അധികാരത്തിലേറി മൂന്നു വര്‍ഷത്തിനകം രാജ്യത്തെ ജനത ഇവരെ ഒന്നടങ്കം അധികാരഭ്രഷ്ടരാക്കാനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ശ്രീലങ്കന്‍ ജനതയെ സാമ്പത്തികമായ അരാജകത്വത്തിലേക്കും പട്ടിണിയിലേക്കും വലിച്ചിഴച്ചിരിക്കുകയാണ് രണ്ടു വര്‍ഷംകൊണ്ട് രാജപക്‌സ ഭരണകൂടം. പ്രസിഡന്റ് ഗോട്ടബായയും മൂത്തസഹോദരന്‍ പ്രധാനമന്ത്രി മഹീന്ദയും ഏതുനിമിഷവും കൊല്ലപ്പെടാനുള്ള സാധ്യതയാണ് ദ്വീപു രാജ്യത്ത് നിലനില്‍ക്കുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ജനത അദ്ദേഹത്തിന്റെ വീട് അഗ്നിക്കിരയാക്കി. മഹീന്ദ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി പദവി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജപക്‌സ കുടുംബം മുഴുവന്‍ കൈവശംവെച്ചിരിക്കുന്ന അധികാരമെല്ലാം വിട്ടൊഴിഞ്ഞുപോകണമെന്നാണ് ജനങ്ങളും പ്രതിപക്ഷവും ഒന്നടങ്കം ആവശ്യപ്പെടുന്നത്. തങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള സാമ്പത്തിക കടക്കെണിയില്‍നിന്ന് തലയൂരാന്‍ രാജ്യത്തിന് പെട്ടെന്നൊന്നും തിരിച്ചുവരാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ഗോട്ടബായതന്നെ തുറന്നുപറയുന്നു.

മുന്‍പ്രസിഡന്റ് കൂടിയായ മഹീന്ദ മുമ്പ് രാജ്യത്തെ വലിയ ഭീഷണിയായി കരുതി തമിഴ്‌വംശജരെ ഒന്നാകെ കൊന്നൊടുക്കാന്‍ പദ്ധതിയിട്ട വ്യക്തിയാണ്. അന്ന് സിംഹള ഭരണകൂടത്തിനെതിരെ പോരാടി ആയിരങ്ങളാണ് തമിഴ് ഭാഗത്തുനിന്ന് മരിച്ചത്. പുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരനെയും അയാളുടെ പിഞ്ചുമകനെയുംവരെ കൊലപ്പെടുത്താനും നിരവധി തമിഴ് പോരാളികളെ വകവരുത്താനും മഹീന്ദക്കും സൈന്യത്തിനും കഴിഞ്ഞു. അത് ലോകത്താകെ വാഴ്ത്തപ്പെട്ടു. അതിന്റെ ഒന്നര പതിറ്റാണ്ട് തികയുന്ന വര്‍ഷംകൂടിയാണ് മഹീന്ദക്കും കുടുംബത്തിനും നാടുവിട്ടോടേണ്ടിവന്നിരിക്കുന്നത്. കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ മുസ്സോളിനിയുടെ വിധിതന്നെ ഈ മുന്‍ ഏകാധിപതിക്കും ഭവിച്ചേനേ.

തമിഴ് പോരാട്ട കാലത്ത് സിംഹള ജനതയിലെ മഹാഭൂരിപക്ഷവും തീവ്രദേശീയതയുടെ പേരില്‍ മഹീന്ദയുടെ പിന്നാലെ അടിയുറച്ചുനിന്നുവെന്നത് ഈയവസരത്തില്‍ ഓര്‍ക്കുന്നത് കൗതുകകരമാകും. ശ്രീലങ്കയുടെ സര്‍വപ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രയാസങ്ങള്‍ക്കും കാരണം തമിഴ് വംശജരാണെന്നാണ് രണ്ടായിരത്തിന്റെ തുടക്കത്തില്‍ രാജ്യത്താകെയും ലോകത്തോടും മഹീന്ദ രാജപക്‌സ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഇതുപറഞ്ഞ് സിംഹളദേശീയതയെ ഉച്ചൈസ്തരം വാഴ്ത്തുകയും പരിപോഷിപ്പിക്കുകയുമായിരുന്നു അദ്ദേഹം. ഇതിനെതിരെ ശബ്ദിച്ച പൗരാവകാശ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും നാവരിഞ്ഞും തടവിലിട്ടും മഹീന്ദ ശ്രീലങ്കന്‍ സിംഹള-ബൗദ്ധ ദേശീയതയുടെ തലതൊട്ടപ്പനായി വാണു. അന്ന് തമിഴ് പുലികളെന്ന് വിളിപ്പേരുള്ള എല്‍.ടി. ടി.ഇ സ്വീകരിച്ച സായുധ കലാപവും ഇതിന് മഹീന്ദക്കും ലങ്കന്‍ തീവ്രദേശീയതക്കും വളമേകി. അതേ മഹീന്ദയെയാണ് ഇന്ന് ശ്രീലങ്കന്‍ ജനതയൊന്നാകെ തള്ളിപ്പറയുന്നതും രാജ്യത്തുനിന്നുതന്നെ ആട്ടിപ്പായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതുമെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. സ്വന്തം ജനതയെ മതത്തിന്റെയും തീവ്രദേശീയതയുടെയും പേരില്‍ അതിരുവിട്ട് പ്രോല്‍സാഹിപ്പിച്ചും, ഇതര വംശീയതകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തിയും അധികകാലം ഒരു അധികാരപ്രേമിക്കും പിടിച്ചുനില്‍ക്കാനാവില്ലെന്നതിന്റെ പാഠമായിരുന്നു പിന്നീടുള്ള ലങ്കന്‍കാലഘട്ടം. ഇന്ന് കിട്ടിയ അധികാരംകൂടി നിലനിര്‍ത്താനാകാത്തതും മറ്റുകാരണം കൊണ്ടല്ല.

ഏതാണ്ടിതേ അവസ്ഥയിലാണ് നമ്മുടെ ഇന്ത്യയിലും ന്യൂനപക്ഷങ്ങളായ മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റുമെതിരെ ഭൂരിപക്ഷതീവ്രദേശീയതയെ മുതലെടുത്തുകൊണ്ട് സംഘ്പരിവാരവും കേന്ദ്ര ഭരണകൂടവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍വമതങ്ങളുടെയും വിളനിലമായ ഇന്ത്യയുടെ യശസ്സിന് മങ്ങലേല്‍പിക്കുന്ന ഓരോസംഭവത്തിലും പ്രതികരിക്കാനോ തടയാനോ മോദി ഭരണകൂടം തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, അതിനെ അനുനിമിഷം പ്രോല്‍സാഹിപ്പിക്കുകയും സായുധീകരിക്കുകയും ചെയ്യുന്നു. ലങ്കയുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ‘ജനാധിപത്യത്തെയും ജനതയെയും അംഗീകരിക്കലാണെന്നാണ ്’ കഴിഞ്ഞദിവസം ഇന്ത്യാഭരണകൂടം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതാണോ സ്വന്തം രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യം പരോക്ഷമായി ഉയരുന്നു. ലങ്കയുടെ ഗതി ഇന്ത്യക്കോ മഹീന്ദയുടെ ഗതി ഇന്ത്യയിലെ നിലവിലെ ഭരണാധികാരികള്‍ക്കോ വന്നുകൂടാത്തതാണ്. ഒരേ സംസ്‌കാരധാര പിന്തുടരുന്ന ഇന്ത്യക്കും ശ്രീലങ്കക്കും രാജപക്‌സമാരുടെ വിധിയില്‍ ഏറെപഠിക്കാനുണ്ട്. സ്വാതന്ത്ര്യാനന്തരം നാലുപതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച നെഹ്‌റുകുടുംബത്തെ പരാമര്‍ശിച്ച് കുടുംബാധിപത്യത്തിനെതിരെ നിരന്തരം പ്രസംഗിക്കാറുള്ള നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഇപ്പോഴെന്തു പറയാനുണ്ടെന്നുകൂടി ‘രാജപക്‌സ അധ്യായം’ സൂചനകള്‍ നല്‍കുന്നു.

Chandrika Web: