X

ശ്രീലങ്കന്‍ പാഠം- ഷംസീര്‍ കേളോത്ത്‌

ഷംസീര്‍ കേളോത്ത്‌

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തെ ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ലങ്കയിലെ സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ഇന്ത്യ പലപ്പോഴും അവഗണിക്കാനാവാത്ത അദൃശ്യ ശക്തി കൂടിയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ശ്രീലങ്കന്‍ രാഷ്ട്രീയം ആഭ്യന്തര രാഷ്ട്രീയത്തോളംതന്നെ പ്രാധാന്യമുണ്ട് താനും. ആ രാജ്യത്തുള്ള തമിഴ് ജനതയുടെ സാന്നിധ്യമാണിതിന് കാരണം. ഉത്തരശ്രീലങ്കയില്‍ നിന്നും തമിഴ് അഭയാര്‍ഥി പ്രവാഹം ഇന്ത്യയിലേക്കുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിനിത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയായി മാറും. വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിലവിളികളല്ല മറിച്ച് സാമ്പത്തിക അരക്ഷിതാവസ്ഥയുടെ വാര്‍ത്തകളാണ് ദ്വീപില്‍നിന്ന് വരുന്നത്. തമിഴ് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയെന്ന നയമായിരിക്കും സ്റ്റാലിന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കേന്ദ്ര സര്‍ക്കാറിനറിയാം. അതിനാല്‍ തന്നെ അഭയാര്‍ഥി പ്രവാഹം ഒഴിവാക്കാനുള്ള ശ്രമമായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക.

ഇന്നേവരെ കാണാത്ത അതിസങ്കീര്‍ണമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോയികൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലാകെ പ്രതിഷേധം ശക്തമാണ്. രാജപക്‌സ കുടുംബാംഗവും ധനമന്ത്രിയുമായ ബേസില്‍ രാജപക്‌സയെ സ്ഥാനത്തിന്‌നിന്ന് നീക്കി പ്രതിഷേധങ്ങളെ തണുപ്പിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ശ്രീലങ്കന്‍ എംബസികളിലേക്കടക്കം ലങ്കന്‍ വംശജരുടെ പ്രതിഷേധം പടരുകയാണ്. ശ്രീലങ്കന്‍ സിനിമാതാരങ്ങളും ക്രിക്കറ്റ് ഇതിഹാസമായ ജയസൂര്യയെ പോലുള്ളവരും പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ അയല്‍രാജ്യത്തിന് താങ്ങാവുക എന്നത് നല്ല അയല്‍ക്കാരെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. രാജ്യത്തിന്റെ പാരമ്പര്യവും അതാണ്. കേന്ദ്ര സര്‍ക്കാര്‍ അത്തരം സഹകരണത്തിന് തയ്യാറാവുന്നതായാണ് സൂചനകള്‍. ചൈനയുമായി അടുക്കാന്‍ ശ്രീലങ്ക നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രതിരോധ പദ്ധതികള്‍ക്ക് ശ്രീലങ്ക സൗകര്യം ചെയ്തുകൊടുത്തു എന്ന വിമര്‍ശനം ഇന്ത്യന്‍ വിദേശകാര്യ വിദഗ്ധര്‍ക്കിടയില്‍ ഇന്നും ശക്തമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ ഇന്ത്യ കടം നല്‍കിയതായാണ് വാര്‍ത്തകള്‍. കൂടുതല്‍ പണം കടമായി ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആ രാജ്യം എത്തിപ്പെട്ടതിന് പിന്നിലെ കാരണവും പരിശോധിക്കേണ്ടതുണ്ട്. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനേറെയുണ്ട്. അമിതമായ കടം വരുത്തിവെച്ച വിനയാണ് ശ്രീലങ്കയനുഭവിക്കുന്ന ദുരന്തം. വലിയ പദ്ധതികള്‍ കടമെടുത്ത് നടപ്പാക്കുമ്പോള്‍ ആ പദ്ധതി കടം തിരിച്ചടയ്ക്കാനുള്ള വരുമാനം സൃഷ്ടിക്കുമോ എന്നെങ്കിലും ഭരണാധികാരികള്‍ ആലോചിക്കേണ്ടതായുണ്ട്. കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രസക്തമാവുന്നത് അതിനാലാണ്. അടുത്ത വര്‍ഷം ശമ്പളം നല്‍കുന്നത് പോലും പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ടന്നാണ് ധനമന്ത്രി ബാലഗോപാല്‍ പറയുന്നത്. ഇത്രയേറെ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ടുവരാനിടയുള്ള പ്രതിസന്ധിയുടെ ആഴം എത്ര വലുതായിരിക്കും എന്ന ചോദ്യം അതീവ ഗൗരവമേറിയതാണ്. പതിറ്റാണ്ടുകളായി വംശീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും ശ്രീലങ്ക ദരിദ്രരാജ്യമായിരുന്നില്ല. പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനത്തിലും ആഗോള മനുഷ്യവിഭവ വികസന സൂചികയിലുമൊക്കെ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ ആ രാജ്യം. ഇന്നതല്ല സ്ഥിതി. ആഭ്യന്തര കലാപം രൂക്ഷമായ കാലഘട്ടത്തില്‍ പോലും മുടങ്ങാതിരുന്ന പത്രങ്ങളടക്കം പേപ്പറില്ലാത്തതിനാല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുന്നു. കടലാസില്ലാത്തതിനാല്‍ പരീക്ഷ മുടങ്ങിയ വാര്‍ത്തകളും പുറത്ത്‌വന്നിരുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇരുട്ടിലാണ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്‌നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ വൈദ്യുതി ഉത്പാദനത്തിന് ആശ്രയിച്ച ആ രാജ്യം കടക്കെണിയിലായപ്പോള്‍ മതിയായ വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയിലാണിപ്പോള്‍. ഭരണകൂടം ലങ്കയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അബദ്ധജഡിലമായിരുന്നു. ജനങ്ങള്‍ക്ക് ആവശ്യവസ്തക്കളടക്കം വാങ്ങാന്‍ പണമില്ലാതായപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ കറന്‍സി അച്ചടിച്ച് മാര്‍ക്കറ്റിലേക്ക് പമ്പ് ചെയ്യുകയുണ്ടായി. ഫലത്തില്‍ ഇത് പ്രശ്‌നം പരിഹരിക്കുകയല്ല മറിച്ച് പണപ്പെരുപ്പം (Inflation) കൂട്ടുകയും പ്രതിസന്ധി സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. 16.08 ശതമാനമാണ് നിലവില്‍ പണപ്പെരുപ്പം. മതിയായ ആലോചനകളില്ലാതെ ധൃതിപിടിച്ച് നടപ്പിലാക്കിയ നയപരമായ നടപടിയായിരുന്നു രാസവളം ഉപയോഗിച്ചുള്ള കൃഷി പൂര്‍ണമായി ഉപേക്ഷിക്കുകയെന്നത്. ഇന്ത്യയില്‍ നോട്ട് നിരോധിച്ചത് പോലെയുള്ള ഒരു നീക്കം. ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമായിരുന്നതിനാലാണ് ഇന്ന് ശ്രീലങ്കയനുഭവിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ അന്ന് കൂപ്പുകുത്താതിരുന്നത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ജൈവകൃഷിയിലേക്ക് മാറിയത് ഉത്പാദനം കുറക്കുകയും ഭക്ഷ്യവസ്തുക്കള്‍ക്കടക്കം അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. സര്‍ക്കാറിന്റെ കണക്കുകൂട്ടലുകളെ താറുമാറാക്കിയതില്‍ കോവിഡ് മഹാമാരിക്കും വലിയ പങ്കുണ്ട്. ഈ വര്‍ഷം മാത്രം ഏഴ് ബില്യണ്‍ യു.എസ് ഡോളര്‍ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരികെയടക്കാനുണ്ട്. തങ്ങളുടെ ആകെ ആഭ്യന്തര ഉത്പാദനത്തിനെക്കാള്‍ (GDP) കടമുള്ള രാജ്യമാണിന്ന് ശ്രീലങ്ക. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തോടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്നാണ് ശ്രീലങ്കന്‍ പ്രതീക്ഷ.

വായ്പ്പയെടുത്ത് വരുമാന സാധ്യതകളൊന്നുമില്ലാത്ത പദ്ധതികള്‍ക്ക് പിറകെ പോയ ഭരണാധികാരികള്‍ ലക്ഷ്യം വെച്ചത് അഴിമതിയായിരുന്നു. തമിഴ് പുലികള്‍ക്കെതിരെയുള്ള വംശീയത ആളിക്കത്തിച്ച് തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെയാകെ കുത്തുപാളയെടുപ്പിച്ച രാജപക്‌സെയുടെ സിംഹള ദേശീയവാദ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്.

ബംഗാള്‍ കൊലപാതകങ്ങള്‍

വംഗനാടിന് രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും പുത്തരിയല്ല. യാതൊരു തെളിവും ബാക്കിവെക്കാതെ രാഷ്ട്രീയ എതിരാളികളുടെ അസ്ഥികളടക്കം ദ്രവിക്കുന്നവിധം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാര്‍ട്ടികളും നേതാക്കളും പശ്ചിമബംഗാള്‍ ഭരിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവില്‍ അന്നത്തെ ഭരണകക്ഷിയുടെ കേഡര്‍മാരാല്‍ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. തലപൊട്ടി തെരുവില്‍ കിടന്നിട്ടുണ്ട്. പ്രതിപക്ഷമാണ് എന്നും ബംഗാളില്‍ അക്രമങ്ങളുടെ പ്രധാന ഇരകള്‍. പൊതുതിരഞ്ഞടുപ്പിന്‌ശേഷം അരങ്ങേറിയ അക്രമണങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നുവെന്ന് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വമടക്കം ആരോപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബംഗാളില്‍ അക്രമങ്ങള്‍ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് വരുന്നത് ഈയിടെ ഉണ്ടായ രണ്ട് സംഭവങ്ങളിലൂടെയാണ്. അനീസ്ഖാന്‍ എന്ന മുസ്‌ലിം വിദ്യാര്‍ഥി നേതാവ് സംശയാസ്പദമായ രീതിയില്‍ ഫെബ്രുവരി 18ന് കൊല്ലപ്പെട്ടതാണ് ആദ്യത്തെ സംഭവം. പൊലീസുകാരാണ് അദ്ദേഹത്തെ കൊലചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടിലെത്തി പൊലീസുകാര്‍ അനീസ് ഖാനെ മുകളിലെ നിലയില്‍ നിന്ന് തള്ളിയിട്ട് കൊലചെയ്യുകയായിരുന്നു എന്നാണ് അനീസ് ഖാന്റെ പിതാവ് സലീം ഖാനടക്കം പറയുന്നത്. മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്വുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നു അനീസ്. വലിയ പ്രതിഷേധമാണ് കൊലപാതകത്തിനെതിരെ ഉയര്‍ന്നത്.

തൃണമുല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് രണ്ടാമത്തേത്. ഒരു പ്രാദേശിക തൃണമുല്‍ നേതാവിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ അദ്ദേഹത്തിന്റെ അനുയായികള്‍ കൊലപാതകത്തില്‍ പങ്കുണ്ടന്ന് സംശയിക്കുന്നവരുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. ഒരു സ്ത്രീയും കുട്ടിയുമടക്കം എട്ട് പേരാണ് വെന്ത് മരിച്ചത്. അക്രമത്തിന്റെ സംസ്‌കാരം കൈവെടിയാതെ ബംഗാളില്‍ യഥാര്‍ഥ ജനാധിപത്യം സാധ്യമാകില്ല. ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് മമതാബാനര്‍ജി. വര്‍ഗീയ ഫാഷിസ്റ്റുകളോട് മാത്രമല്ല സോഷ്യല്‍ ഫാഷിസത്തോടും സന്ധിയില്ല പോരാട്ടം നടത്തിയാണ് അവര്‍ അധികാരത്തിലേറിയത്. അക്രമത്തിന്റെയും ഭീതിയുടെയും രാഷ്ട്രീയത്തിന്പകരം സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനായില്ലെങ്കില്‍ പതിയെ വംഗനാട് ഫാഷിസ്റ്റുകള്‍ക്ക് പിറകെ പോവും.

Test User: