കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരായ പ്രക്ഷോഭം കലാപത്തിന് വഴിവെച്ച ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ. ജനങ്ങളെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയേയും സര്‍ക്കാറിനേയും നിയമിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ പൊലീസിനും അധികാരം നല്‍കി. പ്രക്ഷോഭം ഏത് വിധേനയും അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സൈന്യത്തിന് പിന്നാലെ പൊലീസിന് അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്. അതേ സമയം സാധാരണക്കാര്‍ക്ക് നേരെ വെടിവെക്കില്ലെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദ രാജപക്‌സ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകനും മുന്‍മന്ത്രിയുമായ നമല്‍ രാജപക്‌സ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമല്‍ രംഗത്ത് എത്തിയത്.