X

ലങ്കയില്‍ കലാപം തുടരുന്നു

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്‌ലിംകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ തുടരുന്നു. അക്രമികള്‍ ഇന്നലെയും മുസ്്‌ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്‍ത്തു. ഫെബ്രുവരിയില്‍ കാന്‍ഡി ജില്ലയില്‍ തുടങ്ങിയ കലാപങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷവും ഒരു കടക്ക് അക്രമികള്‍ തീവെക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.

മുസ്്‌ലിം ഉടമസ്ഥതയിലുള്ള സ്‌പെയര്‍ പാര്‍ട്‌സ് കടയാണ് കത്തിനശിച്ചത്. കാന്‍ഡിയിലെ മദവാലയില്‍നിന്ന് വേറേയും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസും സൈന്യവും ജാഗ്രത തുടരുകയാണ്. കാന്‍ഡിയുടെ വടക്കുകിഴക്ക് വട്ടെഗാമ ഗ്രാമത്തിലെ പള്ളിക്കുനേരെയും ആക്രമണമുണ്ടായി. പള്ളിയുടെ തകര്‍ന്ന ഗ്ലാസുകളുടെയും കസേരകളുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ച അഗ്നിക്കിരയാക്കപ്പെട്ട കെട്ടിടത്തില്‍നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് തടയുന്നതിന് സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ മുസ്്‌ലിം ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ചൊവ്വാഴ്ച ഒരുകൂട്ടം കലാപകാരികള്‍ മുഖം മറച്ച് തെരുവിലൂടെ കറങ്ങുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രാത്രി പല സ്ഥലങ്ങളിലും കര്‍ഫ്യു ലംഘിച്ച് പുറത്തിറങ്ങിയ അക്രമികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ബുദ്ധക്ഷേത്രം ആക്രമിക്കപ്പെട്ടതായി അഭ്യൂഹം പ്രചരിപ്പിച്ച് ചിലര്‍ ബുദ്ധമതക്കാരെ ഇളക്കിവിടാന്‍ ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2011നുശേഷം ആദ്യമായാണ് ശ്രീലങ്കയില്‍ അടിയന്താവസ്ഥ പ്രഖ്യാപിക്കുന്നത്. അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. കിരാതമായ ആഭ്യന്തര യുദ്ധത്തെ നേരില്‍ കണ്ട രാജ്യമെന്ന നിലയില്‍ സമാധാനം, ഐക്യം, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് ശ്രീലങ്കക്ക് നല്ല ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലങ്കന്‍ ജനസംഖ്യയില്‍ ശതമാനം മുസ്്‌ലിംകളാണ്.

chandrika: