X
    Categories: Newsworld

മരണ മുനമ്പില്‍ ശ്രീലങ്ക

കൊളംബോ: മരുന്നും ഭക്ഷണവും ലഭിക്കാതെ ശ്രീലങ്ക മരണ മുനമ്പിലെന്ന് റിപ്പോര്‍ട്ട്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ജനം. സാമ്പത്തിക തകര്‍ച്ചക്കു പിന്നാലെയുണ്ടായ അരാജകത്വവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രിക്കാനാവാതെ ഭരണകൂടവും ഇരുട്ടില്‍ തപ്പുകയാണ്.

വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ സ്ട്രീറ്റ് ലൈറ്റുകള്‍ അണച്ചു. ഇന്ധന ഇറക്കുമതി നിലയ്ക്കുകയും അവശ്യസാധന വില കുതിച്ചുയരുകയും ചെയ്തതോടൊപ്പം മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ടും ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്നതു കാരണം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു തുടങ്ങി. മരുന്നു ക്ഷാമവും രൂക്ഷമാണ്. പവര്‍ കട്ടുകള്‍ 13 മണിക്കൂര്‍ നീണ്ടതോടെ ജനങ്ങള്‍ ഏറെ നേരവും ഇരുട്ടിലാണ്. വിദേശ കരുതല്‍ ശേഖരം തീര്‍ന്നതു കാരണം ഇറക്കുമതി നിര്‍ത്തിവെക്കേണ്ടിവന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ലങ്കയെ എത്തിച്ചിരിക്കുന്നത്.

മിക്ക പെട്രോള്‍ പമ്പുകള്‍ക്കു മുന്നിലും ഇന്ധനത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ദൃശ്യമാണ്. വിദേശ കരുതല്‍ ശേഖരം തകര്‍ന്നതിനെതുടര്‍ന്ന് ഇറക്കുമതി പ്രതിസന്ധിയിലായതോടെയാണ് ഇന്ധന ക്ഷാമം രൂക്ഷമായതും ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ പുറംലോകം അറിയുന്നതും. അരി കിലോക്ക് അഞ്ഞൂറു രൂപക്കു മുകളിലും പഞ്ചസാരക്ക് 280 രൂപക്കു മുകളിലുമാണ് വില. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അതിരൂക്ഷമാണ്.

ഇന്ധനക്ഷാമം കാരണം തുറമുഖത്തെത്തിയ ചരക്കുകള്‍ പോലും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാവാത്ത സാഹചര്യമാണ്. ഇതിനിടെയാണ് മരുന്നു ക്ഷാമവും പിടിമുറുക്കുന്നത്. പതിവു ശസ്ത്രക്രിയകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകള്‍ തന്നെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പുറമെയാണ് ശ്രീലങ്കന്‍ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ 10 മണിക്കൂര്‍ പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ ശാലകളുടെ പ്രവര്‍ത്തനത്തെ അടക്കം ബാധിക്കും എന്നതിനാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി അതിരൂക്ഷമാകാനാണ് സാധ്യത.

Test User: