X

ലങ്കന്‍ നാവിക സേന നിരീക്ഷണം ശക്തമാക്കി; അഭയാര്‍ത്ഥികളുടെ വരവ് നിലച്ചു

ചെന്നൈ: നാവികസേന നിരീക്ഷണം കര്‍ശനമാക്കിയതോടെ ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളെത്തുന്നതിനു താല്‍ക്കാലികമായി നിലച്ചു. പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ മനുഷ്യക്കടത്തു സംഘങ്ങള്‍ പിന്മാറുകയായിരുന്നു. അതേസമയം, എത്രപേര്‍ വന്നാലും സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഭക്ഷ്യ ക്ഷാമവും പട്ടിണിയുമായതോടെയാണ് ലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമായാല്‍ ആയിരത്തിലധികം അഭയാര്‍ഥികള്‍ കടല്‍ കടന്നു രാമേശ്വരത്ത് എത്തുമെന്നു തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പുണ്ട്. രാമേശ്വരം മണ്ഡപത്തെ അഭയാര്‍ഥി ക്യാംപില്‍ 400 പേരെ താമസിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 50 വീടുകളുടെ അറ്റകുറ്റപ്പണികള്‍ ഇതിനകം പൂര്‍ത്തിയായി.
നേരത്തേ 10,000 പേരെ താമസിപ്പിച്ച ക്യാംപില്‍ എത്ര പേര്‍ എത്തിയാലും ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതുവരെ 16 തമിഴ് വംശജരാണ് ലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലെത്തിയത്. വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌ന, കൊക്കുപടൈയ്യന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. മൂന്ന് പുരുഷന്‍മാരും ആറു വനിതകളും ഒരു നാലു മാസം പ്രായമായ കൈക്കുഞ്ഞും ഏഴു കുട്ടികളുമാണ് ഇതുവരെ എത്തിയത്. രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലായാണ് ഇവര്‍ എത്തിയത്. അതേ സമയം ഇന്ത്യയിലെ അഭയാര്‍ത്ഥി നിയമത്തിന്റെ അഭാവം കാരണം ലങ്കയില്‍ നിന്നെത്തിയവരില്‍ ചിലര്‍ക്കെതിരെ പാസ്‌പോര്‍ട്ട് നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

ലങ്കയില്‍ നിന്നെത്തിയ മൂന്നു പുരുഷന്‍മാരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം പുഴല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ മണ്ഡപം ക്യാമ്പിലും പാര്‍പ്പിച്ചിരിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായുള്ള 1951ലെ യു. എന്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവെയ്ക്കാത്തതിനാല്‍ രാജ്യത്തെത്തുന്ന ലങ്കന്‍ അഭയാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയില്‍ അവശ്യ സാധനങ്ങള്‍ കിട്ടാക്കനിയാണ്.പത്രക്കടലാസുകള്‍ കിട്ടാതായതോടെ പത്രങ്ങള്‍ പോലും അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

Test User: