X

സ്വേച്ഛാധിപതികള്‍ക്കുള്ള ശ്രീലങ്കന്‍ പാഠം-എഡിറ്റോറിയല്‍

രാജ്യത്തെ പ്രസിഡന്റിന്റെ കിടക്കയില്‍ ഉരുണ്ടുകളിക്കുക, അദ്ദേഹത്തിന്റെ കുളത്തില്‍ നീന്തിക്കളിക്കുക, അടുക്കളയില്‍ വെച്ചുണ്ടും അകത്തളങ്ങളില്‍ കുടുംബസമേതവും താമസിക്കുക. ഏതെങ്കിലും ചലച്ചിത്രത്തില്‍ കാണുന്ന അതിഭാവുകത്വമാര്‍ന്ന രംഗങ്ങളല്ല ഇവ. നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ ലോകം കണ്ടതും ഞെട്ടിത്തരിച്ചതുമായ കാഴ്ചകളാണിവ. അത്ഭുത്തേക്കാളുപരി പലരുടെയും മനസ്സുകളിലൂടെ ഓടിയ വികാരം ഗൂഢമായ സന്തോഷത്തിന്റെയും കൂടിയായിരിക്കുമെന്ന് തീര്‍ച്ച. ഭരിക്കാനേല്‍പിക്കപ്പെട്ടവര്‍ ജനതയുടെമേല്‍ നടത്തിയ ക്രൂരവും അനവധാനപൂര്‍ണവുമായ നടപടികളാണ് ഇത്തരമൊരു ദു:സ്ഥിതിയിലേക്ക് ആ ദ്വീപു രാഷ്ട്രത്തെ തള്ളിയിട്ടത്. സാമ്പത്തികത്തകര്‍ച്ച മൂലം രാജ്യത്തെ ജനത പട്ടിണിയിലും പരിവട്ടത്തിലുമാകേണ്ട അവസ്ഥക്ക് കാരണക്കാരായവരോട് അവര്‍ ചെയ്തതില്‍ വലിയ തെറ്റൊന്നും കണ്ടെത്താനാവില്ല. ഇതല്ലാതെ അവര്‍ക്കെന്തുചെയ്യാനാകും? ഇതിനിടയിലെ ഏക ആശ്വാസം ഏതൊരു ഭരണകൂടവും ഇത്തരം സംഘര്‍ഷാവസരങ്ങളില്‍ ചെയ്യുന്ന പൊലീസിനെയും പട്ടാളത്തെയും വിട്ടുള്ള നരനായാട്ട് ശ്രീലങ്കയില്‍ ഉണ്ടായില്ലെന്നതാണ്. വേണമെങ്കില്‍ കുറെ പേരെയെങ്കിലും കൊലപ്പെടുത്തി ഭയപ്പെടുത്തി രാജ്യത്തിന്റെയും ഭരണത്തലവന്മാരുടെയും മിഥ്യാഭിമാനം സംരക്ഷിക്കാമായിരുന്നിട്ടും അത്തരമൊരു അതിസാഹസത്തിന് ഗോട്ടബായയും അദ്ദേഹത്തിന്റെ സൈനികത്തലവന്മാരും മുതിര്‍ന്നില്ല എന്നത് ചില്ലറകാര്യമല്ല. പ്രത്യേകിച്ചും ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാരെ വെടിവെച്ചുകൊല്ലുന്നത് പതിവായിരിക്കുന്ന അഭിശപ്ത കാലത്ത്.

രണ്ടര ലക്ഷത്തോളം ശ്രീലങ്കന്‍ പൗരന്മാരാണ് ഇതിനകം ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ നഗരത്തിലേക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്‌തെത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെയായിരുന്നു പ്രസിഡന്റ് ഗോട്ടബായ രാജപക്‌സയുടെയും പ്രധാനമന്ത്രി റനില്‍വിക്രമസിംഗെയുടെയും ആഢംബര വീടുകളിലേക്കുള്ള ഇരച്ചുകയറ്റം. ട്രെയിനുകള്‍ പിടിച്ചെടുത്തായിരുന്നു പ്രക്ഷോഭകര്‍ കൊളംബോയിലെത്തിയത്. സര്‍വവിധ പ്രതിരോധ സംവിധാനങ്ങളും തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു ചരിത്രപരമായ ആ ജനകീയകൊടുങ്കാറ്റ്. ഗോട്ടബായയുടെ ഔദ്യോഗിക വസതി കയ്യേറിയ പ്രക്ഷോഭകര്‍ റനിലിന്റെ സ്വകാര്യ വസതിക്ക് തീയിട്ടു. ഒരിടത്തും തിരിച്ച് യാതൊരു അനിഷ്ട സംഭവവുമുണ്ടായതുമില്ല. ഉന്തിലും തള്ളിലുമാണ് ഏതാനും പ്രക്ഷോഭകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. പ്രധാനമന്ത്രിയുടെ വസതിയില്‍ സൂക്ഷിച്ചിരുന്ന കറന്‍സികള്‍ എണ്ണിയെടുത്ത് പൊലീസിനെ ഏല്‍പിച്ച പ്രക്ഷോഭകരുടെ പെരുമാറ്റം ജനതയുടെ ലക്ഷ്യം ന്യായീകരിക്കപ്പെടുന്നതിനിടയാക്കി. സുരക്ഷാവിഭാഗത്തിന് ജനത്തോട് അനുഭാവം ഉണ്ടായതാകാം പരിക്കേറ്റവരുടെ സംഖ്യ വ്യാപിക്കാതിരിക്കാന്‍ കാരണമായത്. ശനിയാഴ്ച നടന്നത് അപ്രതീക്ഷിതമായിരുന്നെങ്കിലും ലങ്കയില്‍ ഏതുനിമിഷവും കലാപം പൊട്ടിപ്പുറപ്പെടാമെന്നതിനെക്കുറിച്ച് അവിടുത്തെ സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളറിയുന്ന ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെന്നതാണ് സത്യം. അത്രകണ്ട് പൊറുതിമുട്ടിയും സ്വയംസഹിച്ചുമാണ് കഴിഞ്ഞ പത്തു മാസത്തോളമായി രണ്ടുകോടിയിലധികം വരുന്ന ജനത കഴിഞ്ഞുവന്നിരുന്നത്. ഇപ്പോഴും ഭക്ഷ്യവസ്തുക്കള്‍ക്കും അത്യാവശ്യ യാത്രക്കുവേണ്ട പെട്രോളിനും ഡീസലിനുംപോലും കടുത്ത ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മണിക്കൂറുകളുകളോളം വരിനിന്നും പൊലീസിന്റെ അടിയും വെടിയേറ്റുമാണ് ജനത ജീവിച്ചുപോരുന്നത്. എല്ലാം വൈകാതെ ശരിയാകുമെന്ന ഭരണാധികാരികളുടെ ഉറപ്പിന്മേലായിരുന്നു അതെല്ലാം. പക്ഷേ നാളുകള്‍ ചെല്ലുന്തോറും ജീവിത പ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാധാരണക്കാരുടെ ജീവിതം നരകതുല്യമാകുകയുമാണ് കാണാനായത്. ഇന്ത്യയും അന്താരാഷ്ട്ര നാണയനിധിയും മറ്റും കഴിയാവുന്നത്ര സഹായിച്ചെങ്കിലും വിദേശത്തുനിന്നുള്ള വസ്തുക്കളെത്തിയാല്‍പോലും അതേറ്റുവാങ്ങാന്‍വേണ്ട വിദേശനാണ്യം പോലും സര്‍ക്കാരിന്റെ പക്കലില്ലാതെപോയി. ഫലത്തില്‍ അരിയും എണ്ണയും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി ആഴ്ചകളും മാസങ്ങളും കപ്പലുകള്‍ തീരത്ത് കാത്തുകെട്ടിക്കിടക്കുന്ന സ്ഥിതിവന്നു. വിദേശ കടമാണ് ലങ്ക നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വിവിധ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ പലിശയും കൂട്ടുപലിശയുമായി പെരുകുമ്പോള്‍ രാജപക്‌സ കുടുംബം ആര്‍ഭാട ജീവിതത്തില്‍ ആടാറുകയായിരുന്നു. കുടുംബവാഴ്ചക്കാണ് നാടിനേക്കാള്‍ അവര്‍ മുന്‍തൂക്കം നല്‍കിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാകാത്തവിധം മേഖലയിലെ സുരക്ഷ വെല്ലുവിളിയാണ്. ലങ്കന്‍ ജനതയുടെ കൂടെയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. 300 കോടി രൂപയുടെ സഹായമാണ് ഇന്ത്യ വാഗ്ദാനംചെയ്തിരിക്കുന്നത്. ഇതില്‍ യുക്രൈയിന്റെ കാര്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും അവരുടേതായ പങ്കുവഹിക്കണമെന്നുമാത്രം. തോന്നിയിടത്തുനിന്നൊക്കെ കടം വാങ്ങുകയും ജനതയെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെല്ലാം ശ്രീലങ്ക പാഠമാകേണ്ടതാണ്.

 

Chandrika Web: