കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ടു പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്‍ രവി സേനവിരത്‌നേ അറിയിച്ചു. എന്നാല്‍, സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനും മറ്റുമായി സംഘടനക്ക് വിദേശ സഹായം ലഭിച്ചിരിക്കാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
സ്‌ഫോടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഐ.എസ് പ്രവര്‍ത്തകനും ഐ.എസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദദിയുടെ അനുയായിയുമാണെന്നവകാശപ്പെട്ട് ചാവേര്‍ തയ്യാറാക്കിയ വീഡിയോ പുറത്ത് വന്നിരുന്നു. ഐ.എസ് പതാകക്ക് മുന്നിലിരുന്ന് സംസാരിക്കുന്ന തരത്തിലായിരുന്നു വീഡിയോയില്‍ ചാവേര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. സ്‌ഫോടനം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം സംഘടനയുടെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീഡിയോയില്‍ ഉപയോഗിച്ച ഐ.എസ് പതാക കണ്ടെടുത്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് തലവന്‍ സഹറന്‍ ഹാഷിമാണ് വിഡിയോ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. രാജ്യ സുരക്ഷയും രഹസ്യാന്വേഷണ പിഴവുകളും പരിശോധിക്കുന്ന പാനലിന് മുന്‍പാകെയാണ് രവി സേനവിരത്‌നേ അന്വേഷണ റിപ്പേര്‍ട്ട് സമര്‍പ്പിച്ചത്.
നാഷണല്‍ തൌഹീദ് ജമാഅത്തിന്റെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം ആദ്യം 105 കിലോഗ്രാം ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇത് കണ്ടെടുത്തിരുന്നില്ലെങ്കില്‍ സ്‌ഫോടനത്തിന്റെ ആഘാതം വലുതാകുമായിരുന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 21ന് മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന ആക്രമണങ്ങളില്‍ 258 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
- 5 years ago
chandrika
Categories:
Video Stories