കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്‍ക്കും വിലക്ക്. അക്രമങ്ങളില്‍ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്നും മുഖം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുന്ന വിധം മറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെ മാത്രമല്ലെന്നാണ് പ്രസ്താവനയില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം മുഖംമച്ചുള്ള വസ്ത്രധാരണ മുസ്‌ലിം സ്ത്രീകളാണ് ഉള്ളത്. ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് പ്രതികാര നടപടികളുണ്ടായേക്കുമെന്ന് മുസ്്‌ലിംകള്‍ ഭയപ്പെടുന്നതിനിടെയാണ് പുതിയ വിലക്കുമായി ശ്രീലങ്കന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ടുള്ള ഹ്രസ്വകാല മുഖാവരണ നിരോധനത്തെ മുസ്്‌ലിം സംഘടനകള്‍ സ്വാഗതം ചെയ്തു. അതേസമയം മുസ്്‌ലിം സ്ത്രീകളുടെ ഹിജാബിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് അവര്‍ അറിയിച്ചു. അടിയന്തര സ്ഥിതി കണക്കിലെടുത്ത് മുഖാവരണം ധരിക്കരുതെന്ന് സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ നേതാവ് ഫര്‍ഹാന്‍ ഫാരിസ് പറഞ്ഞു. നിയമനിര്‍ണം നടത്തരുതെന്ന് പണ്ഡിതന്‍മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. നിയമ നിര്‍മാണം നടത്തിയാല്‍ ജനങ്ങള്‍ കൂടുതല്‍ വൈകാരികമായി ഇടപെടും. അത് മോശപ്പെട്ട ഫലങ്ങളുണ്ടാക്കുമെന്നും ഫാരിസ് മുന്നറിയിപ്പ് നല്‍കി. നിരോധനത്തെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അപലപിച്ചു. ശ്രീലങ്കന്‍ ഭരണകൂടത്തിന്റേത് അനാവശ്യ നിയന്ത്രണമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് പറഞ്ഞു.